padam
ഷൈൻ

കൊച്ചി: ആർമിയിൽ ജോലി വാഗ്ദാനംചെയ്ത് കേരളത്തിലുടനീളം സാമ്പത്തിക തട്ടിപ്പ് നടത്തിയയാൾ വർഷങ്ങൾക്കുശേഷം പിടിയിലായപ്പോൾ പുറത്തുവന്നത് മറ്റൊരു തട്ടിപ്പിന്റെ കഥ. ചിറയൻകീഴ് ശാർക്കര പുതുക്കരി നെട്ടയ്ക്കവിളാകം വീട്ടിൽ ഷൈനാണ് (41) ഇന്നലെ പിടിയിലായത്. പട്ടാളത്തിൽ ഉയർന്ന ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പ് മുഴുവൻ നടത്തിയിരുന്നത്. അറസ്റ്റിലാകുമ്പോൾ ഇയാളിൽനിന്ന് കണ്ടെടുത്ത ആധാർകാഡാണ് പുതിയ തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഡോ. സിദ്ദീഖ് അബ്ദുൽറഹ്മാൻ എന്ന പേരിലായിരുന്നു ആധാർകാർഡ്. ചോദ്യംചെയ്യലിൽ ഡോക്ടർ ചമഞ്ഞും ഉദ്യോഗാർത്ഥികളിൽനിന്ന് പണം തട്ടിയിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ജോലി വാഗ്ദാനംചെയ്ത് പണംതട്ടുന്നതിൽ വിരുതനാണിയാൾ.

2007 മുതലാണ് തട്ടിപ്പുമായി രംഗത്തിറങ്ങിയത്. കേരളത്തിൽ നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. ആഡംബരകാറുകളിലും മറ്റുമാണ് സഞ്ചാരം. ആർമിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും തനിക്ക് ഉന്നതങ്ങളിൽ ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ച് പണംവാങ്ങി കടന്നുകളയുകയാണ് രീതി. എറെനാളായി മുങ്ങിനടന്നിരുന്ന ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്നുള്ള തെരച്ചിലിലാണ് കടവന്ത്ര പൊലീസ് അറസ്റ്റുചെയ്തത്. കളമശേരി പൊലീസ് സ്റ്റേഷനിലും ജോലിതട്ടിപ്പുമായി ബന്ധപ്പെട്ട് കേസുണ്ട്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.