പറവൂർ: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം തിരികെ നൽകിയെന്നുള്ള പ്രതിപക്ഷ ആരോപണത്തിൽ പറവൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. ഡോൺബോസ്കോ ആശുപത്രിക്ക് സമീപത്തുള്ള നോൺ വെജിറ്റേറിയൻ ഹോട്ടലിൽ നിന്നാണ് പഴക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യ വിഭാഗം സൂപ്രണ്ടിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ പിടിച്ചെടുത്തത്. മഹസർ എഴുതി പിടിച്ചെടുത്ത സാധനങ്ങൾ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഭരണകക്ഷിയിലെ ഒരു കൗൺസിലർ സൂപ്രണ്ടിനെ വിളിച്ച് ഭീഷണിപ്പെടുത്തി തിരികെ വയ്പിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒപ്പമുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ ഈ നടപടിയോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സൂപ്രണ്ട് വഴങ്ങിയില്ല. ഭരിക്കുന്നവർ പറഞ്ഞാൽ അനുസരിക്കേണ്ടി വരുമെന്നും വേണമെങ്കിൽ ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥർ പിടിച്ചെടുക്കട്ടെയെന്ന് സൂപ്രണ്ട് പറഞ്ഞതായും ഹെൽത്ത് ഇൻസ്പെക്ടർ കൗൺസിൽ യോഗത്തിൽ പറഞ്ഞതോടെ ഭരണപക്ഷം വെട്ടിലായി. ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കുറ്രക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സെക്രട്ടറി കൗൺസിൽ യോഗത്തിൽ അറിയിച്ചു.
------------------------------------
പിടിച്ചെടുത്ത പഴകിയ ഭക്ഷണം വിട്ടുകൊടുത്ത സഭവത്തിൽ ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകും.
ജോ ഡെവിസ്, മുനിസിപ്പൽ സെക്രട്ടറി
-----------------------------------------
മുൻ കാലങ്ങളിൽ ആഴ്ചയിൽ മൂന്ന് ദിവസം നടത്തിയിരുന്ന പരിശോധന ഇപ്പോൾ മാസങ്ങളായി നടക്കുന്നില്ല. പരിശോധനയ്ക്ക് മുമ്പ് വിവരം ഹോട്ടലുകൾക്ക് ചോർത്തി നൽകുന്നുണ്ട്. പഴകിയ ഭക്ഷണം പിടിച്ചെടുത്തത് ഒതുക്കി തീർത്ത സംഭവത്തിൽ അന്വേഷണം നടത്തണം.
ടി.വി. നിഥിൻ,
പ്രതിപക്ഷനേതാവ്