
തൃപ്പൂണിത്തുറ: ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിന് സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിൽ ഒന്ന് വാഹനമിടിച്ച് തകർത്ത നിലയിൽ. പാർക്കിന്റെ പരിസരത്ത് നിരന്തരമായി ശുചിമുറി മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാൻ നാട്ടുകാരുടേയും റസിഡന്റ്സ് അസോസിയേഷനുകളുടെയും വർഷങ്ങളായുള്ള ആവശ്യപ്രകാരം സ്ഥാപിച്ച രണ്ട് ക്യാമറകളിൽ ഒന്നാണ് തകർക്കപ്പെട്ടത്. നാലു മാസത്തിന് മുമ്പ് ക്യാമറ സ്ഥാപിച്ചതിനു ശേഷം തണ്ണീർച്ചാലിൽ ശുചിമുറി മാലിന്യം തള്ളിയിട്ടില്ല. അവശേഷിച്ച ക്യാമറ ദൃശ്യങ്ങളിൽ നിന്ന് കുറ്റവാളികളെ കണ്ടെത്തണമെന്നും കളക്ടറുടെ ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുള്ള ഇരുമ്പനം ചിത്രപ്പുഴ റോഡിലെ അനധികൃത പാർക്കിംഗ് അടിയന്തിരമായി അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്നും ട്രൂറ മേഖലാ പ്രസിഡന്റ് പി.എം. വിജയനും സെക്രട്ടറി എം.എസ്. നായരും ആവശ്യപ്പെട്ടു.