*കോടതി ഇടപെടൽ സ്ലാബിനിടയിൽ കാൽനടക്കാരിയുടെ കാൽകുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ

കൊച്ചി: നഗരത്തിലെ പ്രധാന റോഡുകളിലെ ഫുട്പാത്തുകളുടെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചു. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. കഴിഞ്ഞ ശനിയാഴ്ച പാലാരിവട്ടത്ത് ഓടയുടെ സ്ലാബിനിടയിൽ കാൽനടക്കാരിയുടെ കാൽകുടുങ്ങിയ സംഭവവും കോടതിയുടെ ഇടപെടലിനു കാരണമായി.

ഭാഗികമായി തുറന്നുകിടന്നിരുന്ന ഓടയിൽ വീഴാതെ ഈ സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് കോടതി വാക്കാൽ പരാമർശിച്ചു. തക്കസമയത്ത് സഹായം കിട്ടിയതാണ് തുണയായത്. നഗരത്തിലെ ഫുട്പാത്തുകളുടെ സ്ഥിതി പരിതാപകരമാണ്. വെള്ളക്കെട്ടുണ്ടാകുമ്പോൾ റോഡും കാനയും തമ്മിൽ തിരിച്ചറിയാത്ത സ്ഥിതിയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

മാസങ്ങൾക്കുമുമ്പ് ആവിഷ്കരിച്ച 'ഓപ്പറേഷൻ ഫുട്പാത്ത്' ബന്ധപ്പെട്ടവർ വലിയതോതിൽ അവഗണിച്ചെന്നും കോടതി ഓർമ്മിപ്പിച്ചു. ഇത് കേവലം ഡ്രെയ്നേജ് പ്രശ്നമല്ല. പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിഷയമാണ്. കോർപ്പറേഷൻ, കൊച്ചി മെട്രോ, പൊതുമരാമത്ത് വിഭാഗങ്ങൾക്ക് ഇതിൽ ഉത്തരവാദിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പാലാരിവട്ടത്ത് അപകടമുണ്ടായത് പൊതുമരാമത്ത് റോഡിലാണെന്നും പരിപാലനച്ചുമതല കൊച്ചി മെട്രോയ്ക്കാണെന്നും കോർപ്പറേഷൻ അറിയിച്ചു. നഗരത്തിലെ കാനകളുടെ ജോലി പൂർത്തിയാക്കാൻ എപ്പോൾ സാധിക്കുമെന്നറിയിക്കാൻ മെട്രോ തുടർന്ന് സമയംതേടി. വിഷയം 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി. എം.ജി. റോഡിലെ കാന പുനർനിർമ്മാണത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് പി.ഡബ്ലു.ഡി അറിയിച്ചു. കാൽനട സൗഹൃദ ഫുട്പാത്തുകളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി. തുടർന്ന് ഈ എസ്റ്റിമേറ്റിലെ തുടർനടപടി സംബന്ധിച്ചുള്ള പുതിയ വിവരം സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.