അങ്കമാലി: പറക്കുളം റോഡിൽ മലഞ്ചരക്ക് വ്യാപാരി അയ്യമ്പിള്ളി ബിനീഷ് കുര്യൻ ഉൾപ്പെടെ നാലംഗകുടുംബം കിടപ്പുമുറിയിൽ പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിവിധ ഏജൻസികളുടെ പരിശോധനാ ഫലങ്ങൾ വേഗത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കത്തുനൽകി. ഫൊറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ പരിശോധനാഫലങ്ങൾ നൽകുന്നതിന് മുൻഗണന നൽകണമെന്നാണ് ആവശ്യം.
പരിശോധനാ ഫലങ്ങൾ വിശകലനം ചെയ്താലേ തീപിടിത്തത്തിന്റെ കാരണങ്ങളിലേക്ക് എത്താൻ കഴിയുകയുള്ളു. വീട്ടിലെയും റോഡിലെയും പറമ്പിലെയും ഉൾപ്പെടെയുള്ള സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധന പൂർത്തിയായി. തീപിടിത്തം നടന്നതിനു തലേദിവസം ബിനീഷ് സന്തോഷത്തോടെയാണ് കുട്ടികളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരുന്നതെന്ന് ദൃശ്യങ്ങളിലുണ്ട്. അസ്വാഭാവികമായ സംഭവങ്ങളൊന്നും ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിട്ടില്ല. ബിസിനസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായുള്ള ബിനീഷിന്റെ ഫോൺവിളികളുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.