കൊച്ചി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷപ്രീണനവും സംസ്ഥാന സർക്കാരിന്റെ വീഴ്ചകളുമാണെന്ന് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ അഭിപ്രായം. സർക്കാർ വിരുദ്ധവികാരവും ക്ഷേമപെൻഷൻ മുടങ്ങിയതും സാധാരണ ജനങ്ങളെ വെറുപ്പിച്ചു.

അതിരുകടന്ന ന്യൂനപക്ഷപ്രീണനം വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് നിരവധി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഈ സമീപനം ഭൂരിപക്ഷങ്ങളെ ഇടതുമുന്നണിയിൽ നിന്ന് അകറ്റി. സി.പി.എമ്മിന്റെ ഉറച്ച വോട്ടുകൾപോലും ബി.ജെ.പിയിലേക്ക് പോകുന്ന അവസ്ഥയുണ്ടായെന്നും അംഗങ്ങൾ പറഞ്ഞു.

എറണാകുളത്തെ സ്ഥാനാർത്ഥി നിർണയം പാളിപ്പോയെന്നും ദയനീയമായ പരാജയത്തിന് അതാണ് മുഖ്യകാരണമെന്നും പലരും സൂചിപ്പിച്ചു.

രാവിലെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം ചേർന്ന ജില്ലാ കമ്മിറ്റി യോഗം വൈകിട്ട് 5.30വരെ നീണ്ടു. തിരഞ്ഞെടുപ്പിന്റെ മണ്ഡലം ചുമതലയുണ്ടായിരുന്നവരാണ് റിപ്പോർട്ടുകൾ അവതരിപ്പിച്ചത്.
തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ മാത്രമാണ് ഇന്നലെ നടന്നത്. ജില്ലാ സെക്രട്ടറി സി.എൻ. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റേറ്റ് സെന്റർ പ്രതിനിധികൾ ആരും പങ്കെടുത്തില്ല. യോഗത്തിന്റെ റിപ്പോർട്ട് സ്റ്റേറ്റ് സെന്ററിന് അയച്ചുകൊടുക്കും. സംസ്ഥാന പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം പിന്നീട് ചേരും.