പറവൂർ: തിരുവിതാംകൂർ ദേവസ്വം ക്ഷേത്ര ഭൂമികൾ വാഹന പാർക്കിംഗിനായി ലേലം ചെയ്യാൻ ഉത്തരവ് ഇറക്കിയ നടപടിയിലും കാക്കനാട് പാട്ടുപുരക്കാവ് ക്ഷേത്രഭൂമി പാർക്കിംഗിന് നൽകിയ നടപടിയിലും പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പറവൂർ താലൂക്ക് സമിതി പറവൂരിലെ തിരുവിതാംകൂർ അസി: കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.സി. സാബുശാന്തി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ആ.ഭ. ബിജു, എ.വി. കലേശൻ, കെ.എസ്. ശിവദാസ്, പ്രകാശൻ തുണ്ടത്തുംകടവ്, ഉണ്ണിക്കൃഷ്ണൻ മാടമന, സരസ ബൈജു, പത്മജ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പാർക്കിംഗ് ലേലം ഉത്തരവ് പിൻവലിക്കണമെന്നും ലേലം നടന്നത് റദ്ദ് ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികൾ പറഞ്ഞു.