പെരുമ്പാവൂർ: ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച് ഏവരെയും അത്ഭുതപ്പെടുത്തുകയാണ് വേങ്ങൂർ പഞ്ചായത്തിൽ വക്കുവള്ളി കനാൽപാലം ഭാഗത്ത് മാധവൻ പ്രപ്പുരയ്ക്കൽ. ചിരട്ടയിൽ ഫ്ലവർവേസും പക്ഷികളും വീട്ടുപകരണങ്ങളുമെല്ലാം ഇദ്ദേഹം അതിമനോഹരമായി ഒരുക്കുന്നു. പതിനഞ്ചു വയസ് മുതൽ മാധവൻ ചിരട്ടയിൽ കൗതുക വസ്തുക്കൾ നിർമ്മിച്ച് തുടങ്ങി. പൊളിഞ്ഞ് വീഴാറായ വീടിന്റെ ഉമ്മറത്ത് കാൽ നീട്ടിയിരുന്ന് ശ്രദ്ധയോടെ ചെത്തിയെടുക്കുന്ന സൃഷ്ടികൾ കാണാൻ കൗതുകമേറെയാണ്. ചോർന്നൊലിക്കുന്ന വീട്ടിൽ താനുണ്ടാക്കിയ കലാരൂപങ്ങൾ നശിച്ച് പോകാതെ സൂക്ഷിക്കാൻ പോലും ഇദ്ദേഹത്തിനാകുന്നില്ല. തന്റെ സൃഷ്ടികൾ ലോകത്തിന് മുന്നിൽ തുറന്നു വക്കാൻ ഒരിടം ആരെങ്കിലും ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വലയുന്ന അമ്പത്തിയൊമ്പതുകാരനായ മാധവൻ.