bjp

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ലക്ഷ്യ കേന്ദ്ര പദ്ധതി പ്രകാരം 2.5 കോടി രൂപ മുടക്കി പണി പൂർത്തിയാക്കി രണ്ടു വർഷം കഴിഞ്ഞിട്ടും പ്രസവ വാർഡും ഓപ്പറേഷൻ തിയേറ്ററുമടക്കമുള്ള ബ്ലോക്ക് തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി മൂവാറ്റുപുഴ നിയോജകമണ്ഡലം സമിതിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. വൈദ്യുതി ആവശ്യത്തിനുള്ള ട്രാൻസ്ഫോമർ ലഭിച്ചില്ലെന്ന ന്യായം പറഞ്ഞ് ആദിവാസി ഊരുകളിൽ നിന്നടക്കം എത്തുന്ന സാധാരണ രോഗികളെ ആശുപത്രി അധികൃതർ ബുദ്ധിമുട്ടിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. രോഗികളെ റഫർ ചെയ്ത് സ്വകാര്യ ആശുപത്രികൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ടിന് നൽകിയ നിവേദനത്തിൽ പറയുന്നു. അഞ്ചു മാസത്തിനകം ബ്ലോക്ക് തുറന്ന് പ്രവർത്തിപ്പിക്കാം എന്ന ഉറപ്പ് ഡി.എം.ഒ യിൽ നിന്ന് ലഭിച്ചതിനുശേഷമാണ് സമരം അവസാനിപ്പിച്ചത്. ഇതുപ്രകാരം ബ്ലോക്ക്‌ തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അരുൺ പി. മോഹൻ പറഞ്ഞു. ഇതോടൊപ്പം ആശുപത്രിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന മെഡിക്കൽ ഷോപ്പ് ഉടൻ തുറക്കണമെന്നും പുറത്തേക്ക് ഒഴുകുന്ന മലിനജലം ആശുപത്രിയിൽ തന്നെ ശുദ്ധീകരിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി. ചന്ദ്രൻ, കെ.എം. സിനിൽ, അജയൻ കൊമ്പനാൽ, എസ് .സുധീഷ്, രമേശ് പുളിക്കൻ എന്നിവർ നേതൃത്വം നൽകി.