
പെരുമ്പാവൂർ: പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കാൻ കേന്ദ്രസർക്കാർ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ വൃക്ഷത്തൈകൾ മുളപ്പിച്ച് പരിപാലനം നടത്തി വിതരണം ചെയ്യുന്ന പദ്ധതി വൻ വിജയം. എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കീഴിൽ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ ഫോറസ്ട്രി ക്ലബ് വഴിയാണ് ഇത് നടപ്പാക്കിയത്.
ചന്ദനം, തേക്ക്, സീതപ്പഴം, നെല്ലി, ഞാവൽ എന്നിവയാണ് വിദ്യാർഥികൾ നട്ടുവളർത്തിയത്. വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം പെരുമ്പാവൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ എ. ലക്ഷ്മി നടത്തി. സ്‌കൂൾ മാനേജർ പി.എ. മുഖ്താറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രധാന അദ്ധ്യാപിക വി.എം. മിനിമോൾ, ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ സി.ആർ. ജോസഫ്, വി.പി. അബൂബക്കർ, സ്റ്റാഫ് സെക്രട്ടറി സജീന കെ. അലിയാർ, ഫോറസ്ട്രി ക്ലബ് കൺവീനർ കെ.എ. നൗഷാദ്, എന്നിവർ സംസാരിച്ചു. കേരളത്തിലെ 25 സ്‌കൂളുകളിലാണ് നഴ്‌സറി യോജന എന്ന പേരിലുള്ള ഈ പദ്ധതി നടപ്പിലാക്കിയത്. 1000 തൈകളാണ് ഇപ്രകാരം തയ്യാറായിരിക്കുന്നത്. പദ്ധതിക്ക് നേതൃത്വം നൽകിയ വിദ്യാർഥികളായ അമാനുൽ ഹഖ്, ആശിഖ്, ഫർഹാൻ എന്നിവരെ പ്രത്യേകം അനുമോദിച്ചു.