തോപ്പുംപടി: ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ ഫിഷിംഗ് ഹാർബർ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്നവരും വറുതിയിലേക്ക്.
ഹാർബറിനു സമീപം ഐസ് ബോക്സ് നിർമ്മിക്കുന്ന വ്യാപാരികൾ, ഹാർബറിൽ വെള്ളം കോരുന്നവർ, ഐസ് എത്തിക്കുന്നവർ,സമീപത്ത് ചായക്കട വ്യാപാരം നടത്തുന്നവർ,ചൂണ്ട വ്യാപാരികൾ തുടങ്ങി നൂറോളം തൊഴിലാളികൾ ദുരിതത്തിന്റെ പിടിയിലാണ്. 52 ദിവസം എങ്ങനെ കഴിച്ചുകൂട്ടമെന്നറിയാതെ നിൽക്കുകയാണിവർ. തുടർ ദിവസങ്ങളിലും കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു ഈച്ച പോലും ഇവിടേക്ക് വരാത്ത സാഹചര്യമാണ്. ഹാർബറിന് സമീപം തന്നെ ബോട്ടിൻ്റെ സ്പെയർ പാർട്സ് വിൽക്കുന്നവരും, വലകൾ, മറ്റു മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന വ്യാപാരികളും ഉണ്ട്. ഇവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. കട തുറന്നാൽ ജോലിക്കാർക്ക് ആയിരം രൂപയെങ്കിലും കൊടുക്കണം. ഒരു കടയിൽ മൂന്നോളം തൊഴിലാളികളാണ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. പലരും 2 മാസത്തോളം കടകൾ അടച്ച് മറ്റു കൂലി പണികളിൽ ഏർപ്പെട്ട് തുടങ്ങി.
കായലോരത്തെ പെട്രോൾ പമ്പുകൾ അടച്ചുപൂട്ടിയതോടെ ഇവിടത്തെ തൊഴിലാളികൾ ഇനി 2 മാസത്തേക്ക് ഇനി അടുത്ത പമ്പുകളിൽ ജോലിക്കെത്തി കഴിഞ്ഞു. രാവിലെ 6 മുതൽ 2 വരെ ജോലി ചെയ്താൽ ഇവർക്ക് കിട്ടുന്നത് 300 രൂപയാണ്. ഫിഷിംഗ് മേഖല ഇനി ഉഷാറായാൽ മാത്രമേ ഇവർക്ക് രക്ഷയുള്ളൂവെന്ന അവസ്ഥ.
പ്രതീക്ഷ ചാകരക്കോളിൽ
ജൂലായ് 31 ന് നിരോധനം അവസാനിക്കും ചാകര കോള് പ്രതീക്ഷിച്ച് മൽസ്യ തൊഴിലാളികളും ചരക്ക് വരുന്നതിനെ തുടർന്ന് ഹാർബറിൽ എത്തുന്നവരുടെ കച്ചവടവും സ്വപ്നം കാണുകയാണ് ഹാർബർ മേഖലയുമായി ബന്ധപ്പെട്ട് കഴിയുന്ന തൊഴിലാളികൾ.
നിരോധനം തുടങ്ങിയതോടെ ഹാർബറിൽ മോഷണവും വ്യാപകമായി. ഹാർബറിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലെ ബാറ്ററി ഉൾപ്പെടെ മറ്റു സാധനങ്ങൾ കവരുന്നത് നിത്യ സംഭവമായി മാറിയെന്ന് പരാതിയുണ്ട്.