കൊച്ചി: വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് നേരെയുണ്ടായത് ക്വട്ടേഷൻ ആക്രണമെന്നാണ് മനസിലാക്കുന്നതെന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. യുവതി ചികിത്സയിൽ കഴിയുന്ന എറണാകുളം ലിസി ആശുപത്രിയിലെത്തി സഹോദരിയോടും ചികിത്സിക്കുന്ന ഡോക്ടർ രാജീവിനോടും വിശദാംശങ്ങൾ ചോദിച്ച് അറിഞ്ഞ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സതീദേവി. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആലുവ റൂറൽ എസ്.പിയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ജില്ലാ പഞ്ചായത്ത് അംഗം എം.ബി. ഷൈനി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.