photo

വൈപ്പിൻ: എടവനക്കാട് തീരദേശവാസികളുടെ ദുരിതപൂർണമായ പ്രശ്‌നങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണയും പൊതുസമ്മേളനവും നടത്തി.
സുനാമിക്ക് ശേഷം തക‌ർന്ന കടൽഭിത്തിയും തീരദേശറോഡും ഉടൻ പുനർനിർമ്മിക്കുക, കടൽകയറ്റത്തിന് പരിഹാരമായി മദ്രാസ് ഐ.ഐ.ടി നിർദ്ദേശിച്ച മുഴുവൻ പുലിമുട്ടുകളും നിർമ്മിക്കുക, തീരദേശത്തെ വീടുകളുടെ താത്കാലിക നമ്പർ സ്ഥിരനമ്പറാക്കി നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തിയ ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. വിൽസൻ അദ്ധ്യക്ഷനായി.
മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ്, പള്ളിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ജി. സഹദേവൻ, പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽസലാം, വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ട്രീസ ക്ലീറ്റസ്, നെഷീദ ഫൈസൽ, ഇ.ആർ.ബിനോയ്, കൊച്ചുത്രേസ്യ നിഷിൽ, പി.ജെ. അന്നം, എ.കെ. സരസൻ, തിട്ടയിൽ ജോഷി എന്നിവർ പങ്കെടുത്തു.
വൈകിട്ട് പഴങ്ങാട് നടന്ന പൊതുസമ്മേളനം ഡിസിസി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ദീപക് ജോയ്, അഡ്വ. പി.എൻ. തങ്കരാജ്, ആനന്ദവല്ലി ചെല്ലപ്പൻ, പി.ബി.സാബു, ശാന്തി മുരളി, നിഷിൽ, ടി.എ.ജോസഫ് എന്നിവർ പ്രസംഗിച്ചു.