ആലുവ: ആലുവ യു.സി കോളേജ് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി 2021 - 22ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച അഞ്ച് കോടി രൂപ ലഭ്യമാക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൂർവവിദ്യാർത്ഥികളായിരുന്ന പി.കെ. വാസുദേവൻ നായരുടെയും പി. ഗോവിന്ദപിള്ളയുടെയും സ്മാരകമായി ലൈബ്രറി നിർമ്മിക്കുന്നതിനാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. കോളേജിൽ ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ രേഖകൾ സഹിതം ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും നാളിതുവരെ ഭരണാനുമതി നല്കിയിട്ടില്ലെന്ന് എം.എൽ.എ ആരോപിച്ചു.