ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽപ്പെട്ട ചവർപ്പാടം - സഡക്ക് റോഡിൽ രാത്രിയും പകലും റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്കുചെയ്യുന്നത് അപകടക്കെണിയായി. വിവിധ സ്ഥലങ്ങളിൽനിന്ന് പ്രകൃതിഭംഗി ആസ്വദിക്കാൻ വരുന്ന കോളേജ് വിദ്യാർത്ഥികളാണ് ഇവിടെ ക്യാമ്പ് ചെയ്യുന്നവരിൽ ഏറെയും.
ഇവിടെയെത്തുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പതിവാണ്. വഴിയോരത്തെ അനധികൃത കടകൾക്ക് ചുറ്റുമാണ് വിദ്യാർത്ഥികൾ കൂട്ടംകൂടി നിൽക്കുന്നത്. പരിസരത്ത് മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നും ആരോപണമുണ്ട്. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും അനധികൃത പാർക്കിംഗും കച്ചവടങ്ങളും അവസാനിപ്പിക്കണമെന്നും പഞ്ചായത്ത് മെമ്പർ കെ.കെ. ശിവാനന്ദൻ ആവശ്യപ്പെട്ടു.