കൊച്ചി: തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയും സ്വർണം കവരുകയും ചെയ്ത കേസിൽ നാലുപ്രതികളുടെ ശിഷയിൽ ഇളവ് നൽകി ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റം ശരിവച്ച ഹൈക്കോടതി ജീവിതാവസാനം വരെയുള്ള ശിക്ഷ 30 വർഷമാക്കി കുറച്ചു. നാലുപ്രതികളും 25000 രൂപ വീതം പിഴ നൽകണം. ഒന്നുമുതൽ നാലുവരെ പ്രതികളായ തൃക്കാക്കര സ്വദേശി അതുൽ, ആലുവ സ്വദേശികളായ അനീഷ്, മനോജ്, തൃക്കാക്കര സദേശി നിയാസ് എന്നിവരുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. എറണാകുളം സെഷൻസ് കോടതിവിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി. പ്രതികൾക്ക് സഹായം നൽകിയ അഞ്ചാം പ്രതി ബിനീഷിനെ വെറുതെ വിട്ടു. പ്രതികൾ കവർന്ന സ്വർണം പണയപ്പെടുത്താൻ സഹായിച്ച ആറാം പ്രതി ജാസ്മിന്റെ ശിക്ഷ മൂന്നുവർഷമാക്കി ചുരുക്കി. 2015 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം. കൊച്ചിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ പുല്ലുവെട്ടാനെന്ന് പറഞ്ഞ് ഇടപ്പള്ളിഭാഗത്തുനിന്നു കൂട്ടികൊണ്ടുപോയ സ്ത്രീകളെയാണ് പീഡിപ്പിച്ചത്.