കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുപ്പത് മാസത്തിനുള്ളിൽ ആയിരം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി. മറ്റ് ആശുപത്രികളിൽ പരാജയപ്പെട്ടതും വളരെ സങ്കീർണതകൾ നിറഞ്ഞതുമായ ശസ്ത്രക്രിയകളുമാണ് ഇവിടെ നടത്തിയത്. ഒരേ സമയം രണ്ടു മുട്ടുകൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളേജുകളിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രമാണുള്ളത്. സൗകര്യം വികസിച്ചതും രോഗികൾക്കുള്ള സേവനം മെച്ചപ്പെടുത്തിയതുമാണ് മുട്ട് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയകളുടെ എണ്ണം വർദ്ധിക്കാൻ കാരണമായതെന്ന് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ പറഞ്ഞു. ഡോ. ജോർജുകുട്ടി മേധാവിയായുള്ള അസ്ഥിരോഗ വിഭാഗത്തിൽ 400ൽ അധികം ആളുകളാണ് ദിവസേന ചികിത്സക്കെത്തുന്നത്.