
എറണാകുളം: ആറായിരത്തിലേറെ ജീവനക്കാരും നാലായിരം കോടി രൂപയിലധികം ആസ്തിയുമുള്ള എൻ.ബി.ടി.സി ഗ്രൂപ്പിന്റെയും കേരളം കേന്ദ്രമായ കെ.ജി.എ ഗ്രൂപ്പിന്റെയും മാനേജിംഗ് ഡയറക്‌ടറാണ് കെ.ജി. എബ്രഹാം. 38 വർഷമായി കുവൈറ്റിൽ ബിസനസുകാരനായ എബ്രഹാം തിരുവല്ല നിരണം സ്വദേശിയാണ്.
എറണാകുളം കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ആഡംബര ഹോട്ടലായ ക്രൗൺ പ്ളാസയുടെ ചെയർമാനും തിരുവല്ലയിലെ കെ.ജി.എ എലൈറ്റ് കോണ്ടിനെന്റൽ ഹോട്ടലിന്റെ പങ്കാളിയുമാണ്. കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
കുവൈറ്റിൽ നിർമ്മാണ മേഖലയിൽ ചെറിയതോതിൽ തുടക്കം കുറിച്ച കെ.ജി. എബ്രഹാം മികച്ച നിർമ്മാണങ്ങളിലൂടെ വിശ്വാസ്യത നേടി വളരുകയായിരുന്നു. 1977ലാണ് എൻ.ബി.ടി.സി ഗ്രൂപ്പിന് തുടക്കമിട്ടത്. കുവൈറ്റിലെ വൻകിട നിർമ്മാണ കമ്പനികൾ ഉൾപ്പെട്ട ഗ്രൂപ്പാണിത്.
എൻജിനിയറിംഗ്, കൺസ്ട്രക്‌ഷൻ, ഫാബ്രിക്കേഷൻ, യന്ത്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. എണ്ണ, പെട്രോകെമിക്കൽ മേഖലകളിലുൾപ്പെടെ കുവൈറ്റിലും മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങളിലും കമ്പനികളുണ്ട്. മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നീ മേഖലകളിലും പ്രവർത്തിക്കുന്നു.
സിവിൽ എൻജിനിയറിംഗിൽ ഡിപ്ളോമ നേടി 22-ാം വയസിൽ കുവൈറ്റിലെത്തി. ബദ്ധ ആൻഡ് മുസൈരി എന്ന സ്ഥാപനത്തിൽ 60 ദിനാർ ശമ്പളത്തിലായിരുന്നു തുടക്കം. ഏഴുവർഷം ജോലി ചെയ്തശേഷം സ്വന്തം സ്ഥാപനം ആരംഭിച്ചു. ചെറുകിട നിർമ്മാണങ്ങൾ ഏറ്റെടുത്ത് വിജകരമായി പൂർത്തിയാക്കി. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം ഗ്രൂപ്പ് അതിവേഗം വളർന്നു. ഹൈവേ സെന്റർ എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ശൃംഖലയും കുവൈറ്റിലുണ്ട്.