കൊച്ചി: ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷൻ ഏഷ്യ ഘടകവും ഫിക്കി കേരള കൗൺസിലും സംഘടിപ്പിക്കുന്ന കേരള ബിസിനസ് ക്വിസ് ലീഗ് മത്സരം ജൂലായ് മുതൽ നവംബർ വരെ നടക്കും. ഐ.ടി വകുപ്പുമായി സഹകരിച്ചാണ് ക്വിസ് ലീഗ് മത്സരം സംഘടിപ്പിക്കുന്നത്. കേരളത്തിലെ നാനൂറിലേറെ സ്ഥാപനങ്ങൾ ലീഗിന്റെ ഭാഗമാകും. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ മേഖലകളായാണ് മത്സരം. അഞ്ച് ക്വിസുകളിൽ നിന്ന് ചാമ്പ്യനെയും റണ്ണർ അപ്പ് ടീമുകളെയും നിശ്ചയിക്കും. 20 ലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങളുണ്ട്. കേരള സ്റ്റേറ്റ് ഐ.ടി മിഷൻ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ, ഡിജിറ്റൽ സർവകലാശാല, ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം.