പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ ഫോറസ്ട്രി ക്ളബിലെ വിദ്യാർത്ഥികൾ നട്ടുവളർത്തിയ വൃക്ഷത്തൈകൾ നാടിന് തണലാകും. പഠനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണമെന്ന കേന്ദ്രസർക്കാരിന്റെ നഴ്സറി യോജന പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകൾ നട്ടുവളർത്തിയത്. ജില്ലാ സോഷ്യൽ ഫോറസ്ട്രിയുടെ കീഴിലുള്ള ഫോറസ്ട്രി ക്ലബ് ഒരു വർഷം മുമ്പ് ചെറിയ തൈകൾനട്ട് പരിപാലിച്ചശേഷമാണ് വിതരണം ചെയ്യുന്നത്. തേക്ക്, ഇലത്തി, മാവ്, നെല്ലി, ഞാവൽ എന്നീ വൃക്ഷത്തൈകളാണ് നട്ടുവളർത്തിയത്.
പറവൂർ നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എഫ്. ഷഹനാസ്, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, സ്കൂൾ അസി. മാനേജർ പി.എസ്. ജയരാജ്, ഹെഡ്മാസ്റ്റർ സി.കെ. ബിജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. സാലി, ഫോറസ്ട്രി ക്ളബ് കൺവീനർ വി.പി. അനൂപ് എന്നിവർ സംസാരിച്ചു. കേരളത്തിലെ 25 സ്ക്കൂളുകളിലാണ് നഴ്സറി യോജന പദ്ധതി നടപ്പിലാക്കിയത്. ആയിരം തൈകളാണ് ഫോറസ്ട്രി ക്ളബിലെ വിദ്യാർത്ഥികൾ നട്ടുവളർത്തിയത്.