 
തൃപ്പൂണിത്തുറ:തൃപ്പുണിത്തുറ മുൻസിപ്പൽ സെക്രട്ടറിയുടെ ഔദ്യോഗിക വസതി കൈയേറി തെരുവുനായകൾ. മേക്കര പാർക്കിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഔദ്യോഗികവസതിയാണ് ഉപയോഗിക്കാത്തതിനാൽ കാടുപിടിച്ചും തെരുവുനായകൾ ആവാസകേന്ദ്രമാക്കിയും നശിക്കുന്നത്. മുൻ സെക്രട്ടറി എം. സുഗതകുമാർ സ്ഥലം മാറുകയും പുതിയ സെക്രട്ടറി പി.കെ. സുഭാഷ് ഉപയോഗിക്കാത്തതിനാലും ബംഗ്ലാവ് കഴിഞ്ഞ ഒരു വർഷമായി താഴിട്ടു പൂട്ടിയ അവസ്ഥയിലാണ്.
വീടിന് പുറകിലെ പൊക്കം കുറഞ്ഞ മതിൽ ചാടിക്കടന്നാണ് തെരുവുനായകൾ വീട് കൈയേറുന്നത്. അഞ്ചോ ആറോ നായകൾ ഇവിടെ സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നശിക്കുന്നത് ലക്ഷങ്ങൾ മുടക്കി പുതുക്കിയ ബംഗ്ളാവ്
സുഗതകുമാർ ചാർജ് എടുക്കുമ്പോൾ ഏകദേശം 5 ലക്ഷം രൂപ ചെലവഴിച്ച് രണ്ടു നിലയുള്ള ഔദ്യോഗിക ബംഗ്ലാവ് നവീകരിച്ചിരുന്നു. എന്നാൽ നവീകരിച്ചതിനു ശേഷം അധികം വൈകാതെ അദ്ദേഹത്തിന് സ്ഥലം മാറ്റമായി. എ.സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പുതിയതായി സ്ഥാപിച്ചിരുന്നു. ഒരു വർഷമായി ഉപയോഗിക്കാത്തതിനാൽ അതും നശിച്ചോ എന്ന് കെട്ടിടം തുറന്നുനോക്കിയാലേ അറിയൂ. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് തൃപ്പൂണിത്തുറയിൽ അനേകം മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പുത്തൻ ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടോ എന്നും അറിയില്ല. സെക്രട്ടറിയുടെ ഔദ്യോഗിക വസതി മറ്റു ജീവനക്കാർക്ക് അനുവദിക്കാൻ ചട്ട പ്രകാരം വ്യവസ്ഥയില്ലെന്നും അതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വേണമെന്നും നഗരസഭാ അധികൃതർ പറയുന്നു.