cancer

കൊച്ചി: കേന്ദ്രമന്ത്രിമാരായി ജെ.പി. നദ്ദയും സുരേഷ് ഗോപിയും ചുമതലയേറ്റത് എയിംസ് കേന്ദ്രം, കൊച്ചി ക്യാൻസർ സെന്റർ എന്നിവയ്ക്കും പ്രതീക്ഷ പകരുന്നു. വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കാനും ക്യാൻസർ സെന്ററിന്റെ വളർച്ചയ്ക്കും ഇത് സഹായമാകുമെന്നാണ് പ്രതീക്ഷ.

2014 മുതൽ 2019 വരെ ആദ്യ നരേന്ദ്ര മോദി സർക്കാരിൽ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു നദ്ദ. കൊച്ചി ക്യാൻസർ സെന്ററിന് സാമ്പത്തികസഹായം തേടി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ഭാരവാഹികൾ അന്ന് അദ്ദേഹത്തെ സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. കേരളത്തിൽ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് പരിഗണിക്കാമെന്നും മുൻ കളക്ടറും മൂവ്മെന്റ് ഭാരവാഹിയുമായ കെ.ആർ. വിശ്വംഭരൻ, മുൻമന്ത്രി പ്രൊഫ.കെ.വി. തോമസ് എന്നിവരുൾപ്പെട്ട സംഘത്തിനെ അദ്ദേഹം അറിയിച്ചിരുന്നു.

ദക്ഷിണേന്ത്യയിൽ സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന് അനുവദിക്കണമെന്ന് കൃഷ്‌ണയ്യർ മൂവ്മെന്റ് മുമ്പ് നിവേദനം സമർപ്പിച്ചിരുന്നു. ഹരിയാനയിലെ ജഗ്ഗറിൽ ദേശീയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുണ്ട്.

സ്വന്തം കെട്ടിടം പൂർത്തിയാകുന്ന കൊച്ചി ക്യാൻസർ സെന്ററിന് കേന്ദ്ര സഹായം ലഭിക്കാൻ നദ്ദ വീണ്ടും ആരോഗ്യമന്ത്രിയായത് സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി സമർപ്പിച്ചാൽ സഹായം ലഭിച്ചേക്കും. നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളിൽ ആരോഗ്യ പദ്ധതികൾക്ക് സഹായം നൽകാൻ എൻ.ഡി.എ സർക്കാർ തയ്യാറാകുമെന്നാണ് സൂചന. സംസ്ഥാന സർക്കാരുകളുൾപ്പെടെ പദ്ധതികൾ സമർപ്പിക്കണമെന്നാണ് സംഘ‌ടനകൾ നിർദ്ദേശിക്കുന്നത്.
കേരളത്തിൽ എയിംസ് കേന്ദ്രം സ്ഥാപിക്കാൻ മുൻഗണന നൽകുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചതും പ്രതീക്ഷ നൽകുന്നതാണ്. കൊച്ചി ക്യാൻസർ സെന്ററിന്റെ വികസനത്തിന് സാമ്പത്തികസഹായം കേന്ദ്രത്തിൽ നിന്ന് ലഭിക്കാനും സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം കാരണമാകുമെന്നാണ് കരുതപ്പെടുന്നത്.