pic
സൗത്തിൽ അങ്കണവാടി ആരംഭിക്കുന്ന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പടിയാത്തുകുളത്തെ സ്ഥലം

കൊച്ചി: നഗരത്തിലെ കുഞ്ഞുങ്ങൾക്കായി ഒരുങ്ങുന്നു വിശാലമായ അങ്കണവാടി. നഗരഹൃദയ ഭാഗമായ എറണാകുളം സൗത്ത് ഡിവിഷനിലാണ് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് അങ്കണവാടി വരുന്നത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പടിയാത്തുകുളത്താണ് ഹഡ്‌കോയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. ആറുമാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

മൂന്നു നിലയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ അങ്കണവാടിക്ക് പുറമെ ക്രഷ്, എ.ഡി.എസ് ഓഫീസ്, പകൽ വീട്, വനിതകൾക്കുള്ള സ്വയംതൊഴിൽ കേന്ദ്രം എന്നിവയുമുണ്ടാവും. കഴിഞ്ഞ നവംബറിലാണ് പദ്ധതിക്കുള്ള നിർദ്ദേശം സമർപ്പിച്ചത്. നഗരകേന്ദ്രത്തിൽ ഇതുവരെ സ്വന്തം കെട്ടിടത്തിൽ അങ്കണവാടി ഉണ്ടായിരുന്നില്ല. കോർപ്പറേഷൻ ക്വാർട്ടേഴ്‌സിലെ ചെറിയ മുറിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. നിലവിൽ സൗത്ത് ഡിവിഷനിൽ പ്രവർത്തിക്കുന്ന അങ്കണവാടി കെട്ടിടം പണി പൂർത്തിയായാൽ ഇവിടേക്ക് മാറ്റും. ഡിവിഷനിൽ എ.ഡി.എസ് ഓഫീസും ഉണ്ടായിരുന്നില്ല. എ.ഡി.എസ് യോഗങ്ങൾ കൂടിയിരുന്നത് അംഗങ്ങളുടെ വീടുകളിലായിരുന്നു.

സ്മാർട്ട് അങ്കണവാടിയിലെ സൗകര്യങ്ങൾ

ശിശുസൗഹൃദ ടോയ്‌ലെറ്റ്

 കളിമുറി

 കളിപ്പാട്ടങ്ങൾ

 പഠനമുറി

 വിശ്രമമുറി

 ഭക്ഷണ മുറി

 അടുക്കള

 സ്റ്റോർറൂം

 ഇൻഡോർ ഔട്ട്‌ഡോർ കളിസ്ഥലങ്ങൾ

 ടി.വി

 ഹാൾ

പൂന്തോട്ടം

സൗജന്യക്രഷ്

നഗരത്തിലെ ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക് കുട്ടികളെ സുരക്ഷിതമായി ഏല്പിച്ച് പോകാവുന്ന ക്രഷ് കെട്ടിടത്തിലുണ്ടാകും. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും കുട്ടികളെ ഏല്പിക്കാം. സ്വകാര്യ ക്രഷുകളിൽ 10000ൽ അധികം രൂപ വാങ്ങുമ്പോൾ സൗജന്യമായാണ് ക്രഷ് പ്രവർത്തിക്കുക.

പകൽവീട്

പകൽ സമയത്ത് പ്രായമായവർക്ക് വിശ്രമിക്കാനുള്ള പകൽ വീടും കെട്ടിടത്തിലൊരുക്കും. ഇവർക്കായി വായനമുറികൾ, ചെസ്, ക്യാരം ബോർഡ് എന്നിവയടക്കമുള്ളവയും ഉണ്ടാകും.

എ.ഡി.എസ് ഓഫീസ്

സൗത്ത് ഡിവിഷന് വേണ്ടിയുള്ള എ.ഡി.എസ് ഓഫീസും ഇവിടെയുണ്ടാകും. മറ്റ് ഡിവിഷനുകളിൽ സ്വന്തമായി എ.ഡി.എസ് ഓഫീസുള്ളപ്പോൾ സൗത്ത് ഡിവിഷനിൽ മാത്രമാണ് സൗകര്യം ഇല്ലാതിരുന്നത്.

സ്വയംതൊഴിൽ കേന്ദ്രം

ഡിവിഷനിലെ വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകുന്നതിനും സ്വയം തൊഴിൽ ചെയ്യുന്നതിനും കെട്ടിടത്തിൽ പ്രത്യേക മുറിയുണ്ടാവും. തയ്യൽ അടക്കമുള്ള ജോലികൾ സ്ത്രീകൾക്ക് ഒന്നിച്ച് ചെയ്യാം.

# ആകെ സ്ഥലം 14.3 സെന്റ്

# കെട്ടിടത്തിന്റെ വിസ്തീർണം 4000 ചതുരശ്ര അടി

# പദ്ധതി ചെലവ് ഒരു കോടി

നഗര കേന്ദ്രത്തിൽ സ്വന്തമായി ഒരു അങ്കണവാടിയോ എ.ഡി.എസ് ഓഫീസോ ഇല്ലാത്തത് പോരായ്മയാണ്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം. വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് ഇപ്പോൾ പദ്ധതി യാഥാർത്ഥ്യമാകുന്നത്.

പദ്മജ എസ്. മേനോൻ

കൗൺസിലർ