 
ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം അണ്ടിക്കമ്പനി കവലയ്ക്ക് സമീപം പഴയ ഗോഡൗൺ കെട്ടിടത്തിൽ ചട്ടവിരുദ്ധമായി ഷട്ടറുകൾ സ്ഥാപിച്ച് മത്സ്യ മാർക്കറ്റ് ആരംഭിച്ചതോടെ റോഡിൽ അപകടഭീഷണി. കാലപ്പഴക്കംചെന്ന കെട്ടിടത്തിൽ ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് നിർമ്മാണം നടത്തിയതെന്നാണ് ആക്ഷേപം.
ഇവിടെ ഉണ്ടായിരുന്ന ആദ്യകാല ഗോഡൗൺ കെട്ടിടമാണിത്. പി.ഡബ്ല്യു.ഡി റോഡിന്റെ അതിർത്തിയിലായിരുന്നു ഗോഡൗൺ കെട്ടിടത്തിന്റെ ഭിത്തിയുണ്ടായിരുന്നത്. കോമ്പൗണ്ടിന് അകത്തായിരുന്നു ഗോഡൗണിന്റെ ഷട്ടറുകൾ. ഈ ഭാഗം അടച്ചശേഷം റോഡിന് അഭിമുഖമായി ഭിത്തിപൊളിച്ച് അനധികൃതമായി 10 ഷട്ടറുകൾ സ്ഥാപിക്കുകയായിരുന്നു.
നിലവിലെ അവസ്ഥ
* രാവിലെയും വൈകിട്ടുമെല്ലാം ഇവിടെ വലിയ തിരക്കാണ്.
* ഇരുചക്രവാഹനംപോലും പാർക്കുചെയ്യാൻ സൗകര്യമില്ലാത്ത സ്ഥലം. മത്സ്യംവാങ്ങാനെത്തുന്നവർ റോഡിൽ നിൽക്കണം.
* ഗതാഗതക്കുരുക്കും അപകടസാദ്ധ്യതയും വർദ്ധിച്ചു
കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ 16 -ാം വാർഡിലാണ് ഇത്തരമൊരു നിർമ്മാണം നടന്നിരിക്കുന്നത്. പഞ്ചായത്തിന്റെ അനുമതിയോടെയാണോ നിർമ്മാണം നടന്നതെന്ന് അറിയില്ല. ഇതേക്കുറിച്ച് പരിശോധിക്കും.
സതി ലാലു,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പൊളിച്ചുനീക്കണം
അണ്ടിക്കമ്പനി കവലയിൽ പഴയ ഗോഡൗൺ കെട്ടിടത്തിൽ നിയമവിരുദ്ധമായി നടത്തിയ നിർമ്മാണം പൊളിപ്പിക്കണം. പി.ഡബ്ല്യു.ഡി റോഡിന് അഭിമുഖമായി ഷട്ടറുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അനുമതി നൽകിയെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കണം.
വി.ടി. സതീഷ്
പ്രസിഡന്റ്, കേരള സാംസ്കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി
നടപടിയെടുക്കേണ്ടത് പഞ്ചായത്ത്
പി.ഡബ്ല്യു.ഡി റോഡിലേക്ക് കയറി നിർമ്മാണം നടന്നിട്ടില്ല. ചട്ടവിരുദ്ധമായി കെട്ടിടം പരിവർത്തനം നടത്തിയതിന് നടപടി സ്വീകരിക്കേണ്ടത് ഗ്രാമപഞ്ചായത്ത് അധികൃതരാണ്. മത്സ്യമാർക്കറ്റ് തുടങ്ങിയ ഭാഗത്ത് അപകട സാദ്ധ്യതയുണ്ട്.
മുഹമ്മദ് ബഷീർ
അസി. എക്സിക്യുട്ടീവ് എൻജിനിയർ, പി.ഡബ്ല്യു.ഡി