തൃപ്പൂണിത്തുറ: കൊച്ചി കോർപ്പറേഷൻ 50, 51 ഡിവിഷനുകളിൽപ്പട്ട പൂണിത്തുറയിൽ കുടിവെള്ളക്ഷാമം തുടങ്ങിയിട്ട് രണ്ടാഴ്ചയായി. മുക്കോട്ടിൽ ടെമ്പിൾ റോഡ്, വടക്കേനട റോഡ്, മുക്കോട്ടിൽ ടെമ്പിൾ തെക്കെനട റോഡ്, ഇരുമ്പ് പാലം, വളപ്പിൽ കടവ് റോഡ്, സുബ്രഹ്മണ്യൻ റോഡ്, പുളിക്കാഴത്ത് ലെയിൻ, കെ.ബി മേനോൻ ലെയിൻ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. പ്രശ്നം എത്രയുംവേഗം പരിഹരിക്കണമെന്ന് മുക്കോട്ടിൽ ടെമ്പിൾറോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റോയ് തെക്കൻ ആവശ്യപ്പെട്ടു.

മരടിലെ പ്ലാന്റിൽനിന്ന് വേണ്ടത്ര വെള്ളം തമ്മനം പമ്പ്ഹൗസിൽ ലഭിക്കാത്തതാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. പാഴൂർ പമ്പ് ഹൗസിലെ കേബിൾകത്തുകയും പുതിയ മോട്ടോർ സ്ഥാപിക്കാനുള്ള കാലതാമസവുംനിമിത്തവുമാണ് പ്രശ്നം പൂർണമായി പരിഹരിക്കാനാവാത്തത്.