പറവൂർ: ഹോട്ടലിൽനിന്ന് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്ത പഴകിയ ഭക്ഷണം ഹോട്ടലിലേക്കുതന്നെ തിരികെനൽകിയ സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗം സൂപ്പർവൈസർ (ക്ലീൻസിറ്റി മാനേജർ) പി.വി. ജിജുവിനെ നഗരസഭ സെക്രട്ടറി സസ്പെൻഡ് ചെയ്‌തു.
നഗരത്തിലെ ഒരു ഹോട്ടലിൽനിന്നാണ് ദിവസങ്ങളോളം പഴക്കമുള്ള ഇറച്ചി ഉൾപ്പടെയുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചത്. ഇവ നഗരസഭയുടെ വാഹനത്തിൽ കയറ്റവേ സമ്മർദ്ദത്തെത്തുടർന്ന് പിടിച്ചെടുത്ത സാധനങ്ങൾ ഹോട്ടലിലേക്ക് തന്നെ തിരികെക്കൊടുത്തു. ഒപ്പമുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ എതിർത്തെങ്കിലും ഫലമുണ്ടായില്ല. സംഭവം ഹെൽത്ത് ഇൻസ്പെക്ടർ കൗൺസിൽ യോഗത്തിൽ പറഞ്ഞതിനെത്തുടർന്ന് നടപടി വേണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു.