1
ചിത്രം

* നിരോധനം 1988 മുതൽ

* തുടക്കത്തിൽ 45 ദിവസം

* തുടർന്ന് 47 ദിവസം

* ഇപ്പോൾ 52 ദിവസം

* ആവശ്യം 90 ദിവസം

തോപ്പുംപടി: സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം 36-ാം വർഷത്തിലേക്ക് കടന്നു. 1988 ൽ പ്രൊഫ. ബാലകൃഷ്ണൻ നായരുടെ കീഴിലുള്ള കമ്മിറ്റിയാണ് നിരോധനം കൊണ്ടുവന്നത്. മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഇടപെട്ട് നിരോധനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയത്. ആദ്യം 45 ദിവസവും പിന്നീട് 47 ഇപ്പോൾ 52 ദിവസവുമാക്കി നിരോധനം ഉയർത്തി. സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളുടെ ആവശ്യം നിരോധനം 90 ദിവസമായി നീട്ടണമെന്നതാണെങ്കിലും പരിഗണിച്ചിട്ടില്ല.

ഒരു വിഭാഗം പറയുന്നത് കടലിൽ വർഷത്തിൽ 365 ദിവസവും പ്രജനനം നടക്കുന്നുണ്ടെന്നും മൺസൂൺ കാലത്തെ നിരോധനം എടുത്തു കളയണമെന്നുമാണ്. സർക്കാർ 3 വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് നിരോധനം കൊണ്ടുവന്നതെങ്കിലും 36 വർഷമായി തുടരുകയാണ്. നിരോധനകാലയളവിൽ മത്സ്യബന്ധനബോട്ടുകൾ യാർഡുകൾക്ക് മുന്നിൽ നങ്കൂരമിട്ടു. ജീവിതം വഴിമുട്ടിയ തൊഴിലാളികൾ മറ്റ് തൊഴിലുകളിലേക്ക് മാറിക്കഴിഞ്ഞു.

* ബോട്ടുടമ അസോസിയേഷൻ പറയുന്നത്

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനസമയത്ത് വിദേശട്രോളറുകൾ നമ്മുടെ കടൽ അതിർത്തിയിൽനിന്ന് മീൻ കുഞ്ഞുങ്ങളെ വളത്തിനായി വാരിക്കൊണ്ടുപോകുന്നത് തടയാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന ബോട്ടുടമ അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് സമയത്ത് കടൽശാന്തമായതോടെ ചാളയുടെയും അയലയുടെയും വർദ്ധനവ് കേരളതീരത്ത് ഇരട്ടിയായിരുന്നു. ഈ വർദ്ധനവ് പിന്നീട് ഉണ്ടായിട്ടില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. നിരോധനത്തിന് മുമ്പ് ഫിഷറീസ് മന്ത്രി മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും മറ്റും കേൾക്കാൻ ഒരു യോഗംപോലും ചേർന്നിട്ടില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. കഴിഞ്ഞയാഴ്ച മന്ത്രി യോഗം വിളിച്ചെങ്കിലും ക്ഷേമനിധിയുടെ കാര്യം മാത്രമാണ് ചർച്ചചെയ്തത്.

* മീനുകൾക്ക് പൊന്നുംവില

നിരോധനസമയത്ത് അധികാരികൾ പറയുന്ന ചുറ്റളവിൽ വള്ളക്കാർക്ക് മത്സ്യബന്ധനം നടത്താം. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ പോയ വള്ളങ്ങൾ വെറും കൈയോടെയാണ് തിരിച്ചുവന്നത്. അന്യസംസ്ഥാനത്തുനിന്നുംവരുന്ന മീനുകൾക്ക് പൊന്നും വിലയാണ് ഈടാക്കുന്നത്. മലയാളികളുടെ തീൻമേശയിൽ നിന്ന് മീനുകൾ ഔട്ടാവുന്ന സ്ഥിതിയാണ്. കൂടിയ വിലകൊടുത്ത് സാധാരണക്കാർക്ക് മീൻവാങ്ങാൻ പറ്റാത്ത സ്ഥിതിവിശേഷമാണ്. ഒരുകിലോ ചാളയ്ക്ക് ചില്ലറവില്പനവില 400 പിന്നിട്ടു.