1
മട്ടാഞ്ചേരി ടൗൺ ഹാൾ (ഫയൽ ചിത്രം)

മട്ടാഞ്ചേരി: ഒന്നരക്കോടി രൂപ വിനിയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന മട്ടാഞ്ചേരി ടൗൺഹാൾ കലാ സാംസ്കാരിക പരിപാടികൾക്ക് അനുയോജ്യമായ രീതിയിൽ വേണമെന്ന് ആവശ്യം ഉയരുന്നു. നേരത്തേ ടൗൺഹാളിൽ റഫി നൈറ്റ് ഉൾപ്പെടെയുള്ള കലാ സാംസ്കാരിക പരിപാടികൾ നടന്നിരുന്നതാണ്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നടന്ന നവീകരണത്തിന് ശേഷം ശബ്ദ സംവിധാനത്തിൽ മാറ്റം വരികയും ഇവിടെ നടന്നിരുന്ന കലാ സാംസ്കാരിക പരിപാടികളെല്ലാം നഗരത്തിലേക്ക് മാറ്റുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് പ്രാഥമിക ചികിത്സ കേന്ദ്രമായി പ്രവർത്തിച്ച ടൗൺഹാൾ പിന്നീട് തുറന്ന് പ്രവർത്തിച്ചിരുന്നില്ല. നാല് വർഷങ്ങൾക്ക് ശേഷം ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ ഒന്നര കോടി രൂപ മുടക്കി ടൗൺഹാൾ നവീകരണത്തിലുള്ള തയ്യാറെടുപ്പിലാണ്. നിലവിലെ നവീകരണ പശ്ചാത്തലത്തിൽ ആദ്യ കാലത്ത് ടൗൺഹാളിൽ ഉണ്ടായിരുന്നത് പോലെ സൗണ്ട് പ്രൂഫ് സംവിധാനം വേണമെന്നാണ് ആവശ്യം.ഇതിനായി വിദഗ്ദരുടെ സഹായം തേടണമെന്നും നിർദ്ദേശമുണ്ട്. ഇക്കാര്യം ഉന്നയിച്ച് മേയർ എം.അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ അൻസിയ,നഗരസഭ സെക്രട്ടറി എന്നിവർക്ക് പൊതു പ്രവർത്തകൻ ഹാരിസ് അബു നിവേദനം നൽകി.