 
ആലുവ: റെയിൽവേസ്റ്റേഷൻ റോഡിൽ നവീകരണം നടന്ന പൊതുകാനയിലേക്ക് സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യക്കുഴലുകൾ രഹസ്യമായി സ്ഥാപിച്ചതായി പൊതുമരാമത്ത്, നഗരസഭ ആരോഗ്യവിഭാഗം നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തി. മൂന്ന് ഹോട്ടലുകൾ, ആരാധനാലയം, രണ്ട് ലോഡ്ജുകൾ എന്നിവയ്ക്ക് നോട്ടീസ് നൽകും.
നിർമ്മാണം പുരോഗമിക്കുന്ന പൊതുകാനയുടെ പരിശോധന ഇന്നലെ രാവിലെ മുതലാണ് നടന്നത്. സ്ലാബിട്ട് നിർമ്മാണം പൂർത്തിയാകുന്നതോടെ സ്വകാര്യ സ്ഥാപനങ്ങൾ രാത്രിയുടെ മറവിൽ രഹസ്യമായി പൊതുകാനയിലേക്ക് പൈപ്പുകൾ ഇടുകയാണ്. ഹോട്ടൽമാലിന്യം, കക്കൂസ് മാലിന്യം എന്നിവയാണ് പ്രത്യേകപൈപ്പ് സ്ഥാപിച്ച് തള്ളുന്നത്. പൈപ്പ് കാണാതിരിക്കാൻ മണ്ണിനടിയിലൂടെയാണ് കുഴിച്ചിട്ടിരുന്നത്. ഉദ്യോഗസ്ഥർ സ്ലാബുകളെടുത്ത് മാറ്റിയാണ് പരിശോധിച്ചത്. അനധികൃത പൈപ്പുകളെല്ലാം എടുത്തുകളയാൻ ബന്ധപ്പെട്ടവരോട് പൊതുമരാമത്ത് അസി. എക്‌സി എൻജിനിയർ ട്രീസ നിർദ്ദേശിച്ചു. നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നൽകും.
നഗരസഭ സെക്രട്ടറി, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
കാനയിലേക്ക് മാലിന്യം ഒഴുക്കിവിടാൻ ആർക്കും അനുവാദമില്ല. കാനയുടെ മുകളിലൂടെ മാത്രമേ മഴവെള്ളം ഒഴുക്കാനുള്ള കുഴൽവയ്ക്കാനാകൂ.
ട്രീസ, പൊതുമരാമത്ത് അസി. എക്‌സി എൻജിനിയർ