t

മുളന്തുരുത്തി: വിസ തട്ടിപ്പ് കേസിലെ പ്രതി കോട്ടയം കിടങ്ങൂർ പൂവത്തുംമൂട്ടിൽ ജോമോൻ (36) മുളന്തുരുത്തി പൊലീസിന്റെ പിടിയിലായി. കാഞ്ഞിരമറ്റം ആമ്പല്ലൂർ നിവാസികളായ ബെൻ ബാബുവിനെയും അമലിനെയും ഓസ്ട്രേലിയക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ചെയ്തത്. പണം കൈപ്പറ്റിയതിന് ശേഷം ജോമോൻ യുവാക്കൾ വിളിച്ചപ്പോൾ ഫോൺ എടുക്കാതെ നിരന്തരമായി ഒഴിവാക്കി. തട്ടിപ്പാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് മുളന്തുരുത്തി സ്റ്റേഷനിൽ പരാതിപ്പെട്ടു. എസ്.എച്ച് മനേഷ് പൗലോസിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ഫോൺ ഓഫാക്കി വെച്ചതിനെ തുടർന്നു പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ തന്ത്രപൂർവ്വമായ നീക്കത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ സമാന രീതിയിൽ 15ൽ അധികം വ്യക്തികളിൽ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു. എസ്. ഐ അജി, സീനിയർ സി.പി.ഒ റെജിൻ പ്രസാദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.