 
കോലഞ്ചേരി: അപകടമുന്നറിയിപ്പ് റിഫ്ളക്ടറുകൾ അറ്റകുറ്റപ്പണിയുടെ മറവിൽ നശിപ്പിച്ചു. ഇതോടെ വീണ്ടും അപകട 'കവലയായി' കടയിരുപ്പ് ജംഗ്ഷൻ. ചെറുതും വലുതുമായ അപകടങ്ങൾ നിത്യസംഭവമായി മാറി. കഴിഞ്ഞദിവസം പട്ടിമറ്റം സ്വദേശിയായ യുവാവും ഭാര്യയുമാണ് അപകടത്തിൽപ്പെട്ടത്. അടുത്തിടെ മാത്രം മൂന്ന് ജീവനുകൾ പൊലിഞ്ഞു.
വളയൻചിറങ്ങര - പീച്ചിങ്ങച്ചിറ റോഡ് ബി.എം ബി.സി നിലവാരത്തിൽ പുനർനിർമ്മിച്ചശേഷമാണ് കടയിരുപ്പ് ജംഗ്ഷൻ അപകട ഇന്നസെന്റ് എം.പിയായിരിക്കെയാണ് 23 കോടിരൂപ ചെലവഴിച്ച് പുതുക്കിപ്പണിതത്. കല്ലിടാംകുഴി മുതൽ തട്ടാംമുഗൾ, മഴുവന്നൂർ, കാണിനാട് പീച്ചിങ്ങച്ചിറ, കരിമുഗൾവഴി എറണാകുളത്തേയ്ക്കുള്ള എളുപ്പവഴിയാണിത്. പെരുമ്പാവൂർ- കോലഞ്ചേരി റോഡ് ഈ പാത മുറിച്ചുകടന്നാണ് പോകുന്നത്. തിരക്കേറിയ ഈ റോഡിലും മുറിച്ചുകടക്കുന്ന സാഹചര്യമില്ലെന്ന് കണക്കുകൂട്ടി ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളാണ് അധികവും അപകടത്തിൽപ്പെടുന്നത്. നേരത്തെ ഇവിടെ സ്വകാര്യസ്ഥാപനത്തിന്റെ സഹകരണത്തോടെ വേഗത നിയന്ത്റണ സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഇതുവഴി കടന്നുപോകുന്ന അനധികൃത മണ്ണ് കടത്തുകാർ വേഗതനിയന്ത്രണ സംവിധാനം തകർത്തു. എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾ കാണുന്നതിനായി വലിയ കണ്ണാടിയും സ്ഥാപിച്ചിരുന്നു. വാഹനമിടിച്ച് ഇതും തകർന്നെങ്കിലും പുന:സ്ഥാപിച്ചില്ല.
കടയിരുപ്പ് ജംഗ്ഷനിൽ സിഗ്‌നൽ വേണം
* അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ഇവിടെ സിഗ്‌നൽ ലൈറ്റ് അടിയന്തരമായി സ്ഥാപിക്കണം
ദേശീയപാതയുടെ നിലവാരത്തിൽ നിർമ്മിച്ച റോഡായതിനാൽ വേഗത്തട സ്ഥാപിക്കുന്നതിന് നിയമ തടസങ്ങളുണ്ടെന്ന് പി.ഡബ്ല്യു.ഡി
ജംഗ്ഷനിൽ അപകടമുന്നറിയിപ്പ് നൽകുന്നതിന് റിഫ്ളക്ടറുകൾ സ്ഥാപിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണിക്കായി നശിപ്പിച്ച റിഫ്ളക്ടറുകൾ അടിയന്തരമായി പുന:സ്ഥാപിക്കണം. ഇതോടൊപ്പം റെഡിമെയ്ഡ് വേഗത്തടകൂടി സ്ഥാപിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയും
ജോർജ് ഇടപ്പരത്തി, മുൻ ജില്ലാ പഞ്ചായത്ത് അംഗം
ഇനിയുമൊരു അപകട മരണത്തിനായി കാത്തിരിക്കാതെ പി.ഡബ്ല്യു.ഡി അടിയന്തരമായി ഇടപെടണം
സനൂപ്, സാമൂഹ്യപ്രവർത്തകൻ, കടയിരുപ്പ്