പറവൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയകാരണം അതിരുവിട്ട മുസ്ളീംപ്രീണനമാണെന്ന് അഭിപ്രായപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദിയെന്ന് അധിക്ഷേപിക്കുന്ന ശക്തികളെ ചെറുക്കാൻ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ കൗൺസിൽ യോഗം തീരുമാനിച്ചു. മുസ്ളീംപ്രീണനം മൂലം പിന്നാക്ക, പട്ടികജാതി, പട്ടികവർഗ ജനസമൂഹം വിപ്ളവപ്രസ്ഥാനങ്ങളിൽനിന്ന് അകന്നെന്ന യാഥാർത്ഥ്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഈ സമൂഹം ഗത്യന്തരമില്ലാതെ ബി.ജെ.പിക്ക് വോട്ട് ചെയ്തതിനാലാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം വർദ്ധിച്ചത്. കേരള രാഷ്ട്രീയത്തിലെ ന്യൂനപക്ഷപ്രീണനം സാമൂഹ്യ യാഥാർത്ഥ്യമാണ്. യോഗം ജനറൽ സെക്രട്ടറി ഈക്കാര്യം ഇനിയും വിളിച്ചുപറയും. അധികാരത്തിന്റെ ബലത്തിൽ കേരളത്തിന്റെ പൊതുസ്വത്ത് ന്യൂനപക്ഷങ്ങളിലേക്ക് എത്തിയകാര്യം അവർക്കും നിഷേധിക്കാനാവില്ല, ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ യോഗത്തെയോ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയോ ആക്ഷേപിക്കാൻ ആരെയും അനുവദിക്കില്ല.

വെള്ളാപ്പള്ളിയെ വിമർശിക്കുന്ന ചില മുസ്ളീംനേതാക്കളാണ് വർഗീയവാദികൾ. ഇവർ വിദേശരാജ്യങ്ങളിൽ നടത്തിയ തീവ്രവാദ പ്രസംഗങ്ങൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിലുണ്ട്. സത്യം പറയുന്നവരെ വർഗീയവാദികളായി ചിത്രീകരിക്കാൻ ഇത്തരക്കാർ നടത്തുന്ന ശ്രമങ്ങളെ ചെറുക്കണമെന്നും യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം കൗൺസിലർ ഇ.എസ്. ഷീബ, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കൗൺസിലർമാരായ ഡി. പ്രസന്നകുമാർ, കണ്ണൻ കൂട്ടുകാട്, കെ. ബി. സുഭാഷ്, ടി.എം. ദിലീപ്, വി.പി. ഷാജി, വി.എൻ. നാഗേഷ് എന്നിവർ സംസാരിച്ചു.