sumesh

ആലുവ: എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിന്ന് ഒന്നര പവന്റെ സ്വർണമാല മോഷ്ടിച്ച കീഴ്‌ശാന്തി ചേർത്തല മേന്നാശേരി തറയിൽ വീട്ടിൽ സുമേഷ് (29) പിടിയിലായി. വില്പന നടത്തി ലഭിച്ച പണം ഉപയോഗിച്ച് ആലുവയിലെ ഒരു ബാർ ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയ പ്രതിയെ ക്ഷേത്ര വിശ്വാസികളാണ് പിടികൂടിയത്. തുടർന്ന് ക്ഷേത്രത്തിൽ എത്തിച്ച ശേഷം എടത്തല പൊലീസിനെ വിളിച്ചുവരുത്തി കൈമാറി.

കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് മാല മോഷ്ടിച്ചത്. തുടർന്ന് ടാക്സി വിളിച്ച് ആലുവയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ചേർത്തല രാജധാനി ജ്വല്ലറിയിൽ മാല നൽകി കൈചെയിനും മോതിരവും വാങ്ങി. ബാക്കി പണമായും വാങ്ങി. തിരികെ ആലുവയിലെത്തി പുളിഞ്ചോടിന് സമീപമുള്ള ബാർ ഹോട്ടലിലാണ് മുറിയെടുത്തത്. യാത്രക്കിടയിൽ സുഹൃത്തുക്കളായി മാറിയ ടാക്സി ഡ്രൈവറെയും കൂട്ടിയായിരുന്നു മദ്യപാനം. മോഷ്ടിച്ച സ്വർണം വിറ്റാണ് മദ്യപാനമെന്ന് ഡ്രൈവർ അറിഞ്ഞിരുന്നില്ല. എടയപ്പുറം സ്വദേശിയായിരുന്നു ഡ്രൈവർ. എടയപ്പുറം ക്ഷേത്രത്തിലെ ശാന്തി തന്റെ സഹോദരനാണെന്ന് പറഞ്ഞ് ഡ്രൈവറെ കബളിപ്പിക്കുകയും ചെയ്തിരുന്നു.

ശനിയാഴ്ച്ച മേൽശാന്തി അവധിയിലും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കൊട്ടിയൂർ ക്ഷേത്ര തീർത്ഥാടനത്തിലുമായിരുന്നു. രാവിലെ മോഷണം നടത്തിയ ശേഷം വൈകിട്ട് ദീപാരാധനക്കായി മറ്റൊരു ശാന്തിയെ ഏർപ്പെടുത്തിയെന്ന് പറഞ്ഞ് മേൽശാന്തിയെയും ക്ഷേത്രഭാരവാഹികളെയും വിളിച്ചറിയിച്ചു. സംശയം തോന്നി അടുത്ത ദിവസം പരിശോധിച്ചപ്പോഴാണ് സ്വർണമാല കവർന്നതായി വ്യക്തമായത്.

പ്രതിയെ ആലുവ കോടതി റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ കെ.ബി ഹരികൃഷ്ണൻ, എസ്.ഐ സിജു പൈലി, എ.എസ്.ഐ ഡി. രജനി എന്നിവർ ചേർന്നാണ് തുടർ നടപടികൾ സ്വീകരിച്ചത്.