 
മൂവാറ്റുപുഴ: പായിപ്ര - ചെറുവട്ടൂർ റോഡിലെ വ്യാപകമായ കൈയേറ്റം മൂലം കാൽനടയാത്രയ്ക്കുള്ള നടപ്പാതപോലും കഴിയാത്ത അവസ്ഥയായി.
പായിപ്ര കവലയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർകവലയിലേക്ക് എത്തുന്ന പായിപ്ര- ചെറുവട്ടൂർ റോഡിന് നാല് കിലോമീറ്റർ ദൂരമാണുള്ളത്. കൈയേറ്റം നിർബാധം നടക്കുമ്പോഴും പഞ്ചായത്ത് അധികാരികളോ പൊതുമരാമത്ത് വകുപ്പോ കണ്ടതായി നടിക്കുന്നില്ലെന്ന് പരാതിയുണ്ട്.
പായിപ്ര കവലയിൽ നിന്നുതുടങ്ങുന്ന റോഡിലെ കൈനിക്കര ഭഗവതി ക്ഷേത്രത്തിന് എതിർവശം മുതൽ റോഡ് കൈയ്യേറ്റം തുടങ്ങിയാൽ പായിപ്ര ഷാപ്പുംപടി ഭാഗത്ത് എത്തുന്നതുവരെ ഇരുഭാഗത്തും നിരവധി സ്ഥലത്തെ റോഡുകൾ കൈയ്യേറിയിരിക്കുകയാണ്. കച്ചവടക്കാർമുതൽ റോഡ് സൈഡിൽ വീടുവച്ച് താമസിക്കുന്നവർ വരെ റോഡ് കെെയ്യേറിയിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് ഇടമില്ലാത്ത സ്ഥിതിയിലാണ്.
ആറ് സ്വകാര്യ ബസുൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡ് കൈയ്യേറിയിരിക്കുന്നതിനാൽ രണ്ട് വാഹനങ്ങൾക്ക് ഒരുസമയം പോകുന്നതിനുപോലും കഴിയാതായി. റോഡിന്റെ സൈഡിൽ നിരവധിപേർ പലവിധ കച്ചവടത്തിനായി റോഡും കൈയ്യേറുകയാണ്. ആക്രി കച്ചവടം മുതൽ ഫർണീച്ചർ കച്ചവട കടവരെ പൊതുമരാമത്ത് റോഡിലാണ് നടത്തിവരുന്നത്. ഇതോടൊപ്പം ചായ മുതൽ പച്ചകറികടവരെ ഈ റോഡിലാണ് നടത്തിവരുന്നതത്രെ. കഴിഞ്ഞദിവസം തടികയറ്റി വന്ന ലോറി റോഡിന് വീതികുറവായതിനാൽ മറിഞ്ഞു. റോഡ് വീതിയില്ലാത്തതിനാൽ നിരവധി അപകടങ്ങളാണ് പായിപ്ര- ചെറുവട്ടൂർ റോഡിൽ ഉണ്ടാകുന്നത്. ഇതൊക്കെ അറിഞ്ഞിട്ടുംപൊതുമരാമത്ത് വകുപ്പും ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നാണ് ആക്ഷേപം.
വാഹനഗതാഗതവും കാൽനടയാത്രയും സുഗമമാക്കുവാനും അപകടമില്ലാതെ വാഹനഗതാഗതത്തിനും തടസമാകുന്ന റോഡ് കൈയേറ്റക്കാരെ ഒഴിപ്പിച്ച് റോഡിന്റെ വീതി സംരക്ഷിക്കണം. അനധികൃമായി റോഡ് കൈയേറി കച്ചവടം നടത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
..................................................................
പായിപ്ര - ചെറുവട്ടൂർ റോഡ് കയ്യേറ്റം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
ജൂലിൻ ജോസ്, പൊതുമരാമത്ത് റോഡ് അസി. എക്സിക്യുട്ടീവ് എൻജിനിയർ
..............................................
പായിപ്ര - ചെറുവട്ടൂർ റോഡിലെ അനധികൃതമായി കയ്യേറി കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും തടസം ഉണ്ടാകുന്നത് ഒഴിവാക്കപ്പെടണം. റോഡ് സൈഡിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള പുനരധിവാസ പദ്ധതിക്ക് പഞ്ചായത്ത് രൂപം നൽകും.
പി.എച്ച്. സക്കീർ ഹുസൈൻ, വാർഡ് മെമ്പർ