കൊച്ചി: ജാതിയധിക്ഷേപം നടത്തിയ കേസിൽ യു.ഡി.എഫ് കൗൺസിലർ ഷാജി വാഴക്കാലയുടെ മുൻകൂർ ജാമ്യാപേക്ഷ
ജില്ലാ സെഷൻസ് കോടതി തള്ളി. വെള്ളക്കെട്ടിന് പരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരനെ അധിക്ഷേപിച്ചെന്നാണ് കേസ്.
28-ാം വാർഡിൽ മൈത്രീ പുരത്തിന് സമീപം കുളം നവീകരിച്ചതിനു പിന്നാലെ പെയ്ത മഴയിൽ സമീപത്തെ വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചിരുന്നു. ഇതിന് പരിഹാരം തേടി സമീപവാസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ കോടതി നിർദ്ദേശം നൽകി. ഇതിൽ പ്രകോപിതനായ വാർഡ് കൗൺസിലർ പരാതിക്കാരനു നേരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് കേസ്.