തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഐ.ബി.എമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജനറേറ്റീവ് എ.ഐ അന്താരാഷ്ട്ര കോൺക്ലേവ് ജൂലായ് 11,12 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കോൺക്ലേവിന്റെ വെബ്‌സൈറ്റ് മന്ത്രി ലോഞ്ച് ചെയ്‌തു.
രാജ്യത്തെ ആദ്യ നിർമ്മിതബുദ്ധി കോൺക്ലേവാണിത്. ജനറേറ്റീവ് എ.ഐയുടെ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും ഇൻഡസ്ട്രി 4.0നുള്ള സംസ്ഥാനത്തിന്റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാനും സമ്മേളനം ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഇന്നൊവേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും.
കോൺക്ലേവിന് മുന്നോടിയായി സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്കും പ്രാദേശിക സ്റ്റാർട്ടപ്പുകൾക്കുമായി ഹാക്കത്തണുകൾ സംഘടിപ്പിക്കും. ഐ.ബി.എമ്മുമായി സഹകരിച്ച് തിരുവനന്തപുരം ടെക്‌നോപാർക്ക്,കൊച്ചി ഇൻഫോപാർക്ക്,കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽ അന്താരാഷ്ട്ര പ്രശസ്‌തരായ എ.ഐ വിദഗ്ദ്ധരുടെ ടെക്ടോക്കും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങളും കോൺക്ലേവ് രജിസ്‌ട്രേഷനും https://www.ibm.com/in- en/events/gen-ai-conclave. വെബ്‌സൈറ്റിൽ ലഭ്യമാണ്.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്.ഹരികിഷോർ,ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി,കെ.എസ്.ഐ.ഡി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ,ഐ.ബി.എം പ്രതിനിധികളായ ചാർലി കുര്യൻ, വിശാൽ ചാഹ്ല് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.