 
ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം അണ്ടിക്കമ്പനി കവലയിൽ പഴയ ഗോഡൗൺ കെട്ടിടത്തിൽ ചട്ടവിരുദ്ധമായി ഷട്ടറുകൾ സ്ഥാപിച്ച് മത്സ്യമാർക്കറ്റ് ആരംഭിച്ചെന്ന പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൗമ്യ റാണി 'കേരളകൗമുദി'യോട് പറഞ്ഞു.
'നിയമവിരുദ്ധ നിർമ്മാണമെന്ന് പരാതി: അശോകപുരം അണ്ടിക്കമ്പനി ഭാഗത്ത് അപകടക്കെണി' എന്ന തലക്കെട്ടിൽ ഇന്നലെ 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് നടപടി.
അനുമതിയില്ലാതെ റോഡിനോട് ചേർന്നുള്ള ഭിത്തി പൊളിച്ച് 10 ഷട്ടറുകൾ സ്ഥാപിച്ചതിന് പഞ്ചായത്തിന്റെ അനുമതിയില്ല. റോഡ് അതിർത്തിയിലുള്ള ഭിത്തിയായതിനാൽ നിയമപരമായി അനുമതി നൽകാനാകില്ല. മാത്രമല്ല, ഇവിടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
...............................
മാർച്ച് മുതൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാൽ സെക്രട്ടറിയുടെ ചുമതല പഞ്ചായത്തിലെ മറ്റൊരു ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് വീണ്ടും സെക്രട്ടറിയുടെ ചുമതലയേറ്റത്. ഇതിനിടയിലാണ് അനധികൃത നിർമ്മാണം നടന്നതും കച്ചവടം ആരംഭിച്ചതും.
സൗമ്യ റാണി, കീഴ്മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി
.............................................
അശോകപുരത്തെ ആദ്യകാല ഗോഡൗൺ 'ഹമീദ് എസ്റ്റേറ്റ്' ആണ് അടുത്തിടെ വാങ്ങിയ ആൾ നവീകരിക്കുകയും ഭിത്തിപൊളിച്ച് ഷട്ടറുകൾ സ്ഥാപിക്കുകയും ചെയ്തത്. കോമ്പൗണ്ടിന് അകത്തായിരുന്നു നേരത്തെ ഗോഡൗണിന്റെ ഷട്ടറുകളെല്ലാം. ആളുകൾക്ക് നിൽക്കാൻ പോലും ഇടമില്ലാതെയാണ് ഉടമ ഷട്ടറുകൾ സ്ഥാപിച്ചത്.