അങ്കമാലി:മൂക്കന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് നടത്തി​യ ഭരണ സമിതിക്കാർക്കെതിരെയും ഇവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരായ ജൂനി​യർ രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മൂക്കന്നൂർ ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് രജിസ്ട്രാർ എന്നിവർക്ക് പരാതി നൽകി. മൂക്കന്നൂർ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകളെ സംബന്ധിച്ച് നടത്തിയ റൂൾ 65 പ്രകാരമുള്ള അന്വേഷണത്തിൽ നൂറ് കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തുകയും മേൽ നടപടികൾ സ്വീകരിക്കുവാൻ എറണാകുളം ജില്ലാ ജോ.രജിസ്ട്രാർക്ക് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ നടപടിക്ക് സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായിട്ടില്ല. വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബാങ്കിനെതിരെ നടപടി ഒഴിവാക്കാൻ ബാങ്ക് ഡയറക്ടർ ബോർഡിന് കോടതിയെ സമീപിക്കുവാൻ അവസരമുണ്ടാക്കി കൊടുത്തതായി പരാതിക്കാർ ആരോപിച്ചു. ബാങ്കിനെതിരെ നടപടിയെടുക്കുന്നതിൽ നിന്നും മൂന്നു മാസത്തേക്ക് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഉണ്ടായിരുന്നു. രണ്ടു വർഷം പിന്നിട്ടിട്ടും സ്റ്റേ നീക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. A1 കാറ്റഗറിയിലായിരുന്ന ബാങ്ക് ഇപ്പോൾ സി കാറ്റഗറിയിലാണ്. സംസ്ഥാനത്ത് നടക്കുന്ന ചില തട്ടിപ്പുകൾക്ക് സമാനമായ സാമ്പത്തിക അച്ചടക്കമില്ലാത്ത നടപടികളാണ് മൂക്കന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ നടന്നിട്ടുള്ളത്. തട്ടിപ്പിന് കൂട്ടുനിൽക്കുന്ന സഹകരണ വകുപ്പിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് അധികൃതർക്കും നിവേദനം നൽകിയത്.