temple
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിനുള്ളിൽ പണിനിലച്ച നിലയിലെ സ്റ്റേജ്

കൊച്ചി: അച്ഛനമ്മമാരുടെ 49-ാംവിവാഹവാർഷിക ദിനത്തിന് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശന് സ്റ്റേജ് സമർപ്പിക്കാനുള്ള ആഗ്രഹം പൂർത്തിയാക്കാനാവാതെ ഭക്തന്റെ സങ്കടം. നാലുലക്ഷംരൂപയുടെ എസ്റ്റിമേറ്റിൽ പണിതുടങ്ങി പകുതിയായപ്പോഴാണ് ഇടങ്കോൽ.

കൊച്ചിൻ ദേവസ്വംബോർഡിന്റെ അനുമതിയും തച്ചുശാസ്ത്ര വിദഗ്ദ്ധന്റെ അംഗീകാരവും ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. പക്ഷേ തന്ത്രിയും ഉപദേശകസമിതിയും തടസം നിൽക്കുകയാണെന്നും ഉടൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഭക്തനായ സംരംഭകൻ ശ്രീജിത്ത് കൃഷ്ണൻ ദേവസ്വം പ്രസിഡന്റിന് പരാതി നൽകി കാത്തിരിക്കുകയാണ്. അതിനിടെ വിവാഹവാർഷികവും കടന്നുപോയി.

ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ വടക്കുപടിഞ്ഞാറുവശം പതിറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ച തറയ്ക്ക് മുകളിൽ മേൽക്കൂരമാത്രം ഒരുക്കിയാൽ മതി. ഇതിനായി അപേക്ഷ നൽകി പലവട്ടം ചർച്ച നടന്ന ശേഷമാണ് അനുമതി ലഭിച്ചത്. തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ അനുമതി ഇല്ലാത്തതിനാൽ പണി മുന്നോട്ടുകൊണ്ടുപോകരുതെന്നാണ് സമിതിയുടെ നിലപാട്. ജനുവരി 24ന് നിറുത്തിവച്ചപണി പുനരാരംഭിക്കാനായിട്ടില്ല.

ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ. സുദർശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന തന്ത്രി പങ്കെടുത്ത യോഗത്തിൽ വേഴേപ്പറമ്പിൽ ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ അഭിപ്രായം മാനിച്ച് പ്രവർത്തനം തുടരാമെന്ന് തീരുമാനിച്ചതായാണ് മിനിട്സ് രേഖ. അദ്ദേഹം പരിശോധിച്ച് സ്കെച്ചുസഹിതം അനുമതി നൽകുകയും ചെയ്തു. പക്ഷേ പണിതീർക്കാൻ ദേവസ്വംബോർഡ് നടപടി എടുക്കുന്നുമില്ലെന്നുമാത്രം.

പരാതികളുമായി ദേവസ്വം, സമിതി ഓഫീസുകളും തന്ത്രിയുടെ വീടും കയറി ഇറങ്ങുകയാണ് ഭക്തൻ. പതിവായി പൂർണത്രയീശ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്നയാളാണ് ഇദ്ദേഹം.

ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ഒരുവർഷത്തോളം മിക്കവാറും ദിവസങ്ങളിൽ ഭക്തർ വഴിപാടായി ക്ഷേത്രകലാപരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും തന്ത്രിയുടെ എതിർപ്പുമൂലം ഇതും നിറുത്തിയെന്നാണ് വിവരം.

സ്റ്റേജ് നിർമ്മാണം ആഗ്രഹമായിരുന്നു. അത് പൂർത്തിയാക്കണമെന്നുണ്ട്. ഇത്തരം നൂലാമാലകൾ പ്രതീക്ഷിച്ചില്ല. തന്ത്രിയും ഉപദേശകസമിതിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരമാണോ പണി തടസപ്പെടാൻ കാരണമെന്നും സംശയമുണ്ട്. ഭക്തരെ അകറ്റുന്ന നിലപാടാണിത്. എത്രയുംവേഗം പരിഹാരം കാണണം.

ശ്രീജിത്ത് കൃഷ്ണൻ

ഭക്തൻ

ക്ഷേത്രമതിൽക്കെട്ടിലെ അസൗകര്യങ്ങൾ മൂലവും വർഷത്തിൽ കുറച്ചുദിവസങ്ങൾക്ക് വേണ്ടിയും തൊട്ടുചേർന്ന ഉ‌ൗട്ടുപുരയുടെ നവീകരണം നടക്കാനിരിക്കുന്നതിനാലുമാണ് വിയോജിപ്പ് അറിയിച്ചത്. ഭക്തനെ നേരിൽക്കണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും.

പ്രകാശ് അയ്യർ , സെക്രട്ടറി, ക്ഷേത്ര ഉപദേശക സമിതി