പ്ലാസ്റ്റിക് തരംതിരിക്കൽ പ്രോത്സാഹിപ്പിക്കണം: ഹൈക്കോടതി

കൊച്ചി: തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന വാഹനങ്ങളെ ട്രാക്കുചെയ്യാനുള്ള മൊബൈൽ ആപ്പ് വികസനം അവസാനഘട്ടത്തിലാണെന്ന് അഡി. പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ ഹൈക്കോടതിയെ അറിയിച്ചു. വണ്ടികളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയെന്നും ഓൺലൈനായി ഹാജരായ അഡി. പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. മാലിന്യം കരാറുകാർ ഒഴിഞ്ഞപറമ്പുകളിലും ജലാശയങ്ങളിലും തള്ളുന്നത് പതിവായിരിക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് വിശദീകരണം.

ജി.പി.എസ് സംവിധാനത്തിൽ കൃത്രിമം കാട്ടാനുള്ള സാദ്ധ്യതയും കണക്കിലെടുക്കണമെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. മാലിന്യം എവിടേക്ക് കൊണ്ടുപോകുന്നു, എവിടെ നിക്ഷേപിക്കുന്നു എന്നതിൽ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഫ്ലോചാർട്ട് സൂക്ഷിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ സ്വീകരിച്ച കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നത് കാര്യക്ഷമാക്കിയാൽ നിർ‌മ്മാർജനം എളുപ്പമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പ്ലാസ്റ്റിക് തരംതിരിച്ച് സംഭരണകേന്ദ്രങ്ങളിലെത്തിക്കുന്നവർക്ക് പ്രോത്സാഹനം പരിഗണിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാൻ പ്രധാനകേന്ദ്രങ്ങളിൽ വച്ചിരിക്കുന്ന ബൂത്തുകളുടെ എണ്ണം 7100 മാത്രമാണെന്നും കഴിഞ്ഞതവണ 36000 ബൂത്തുകളെന്ന് പറഞ്ഞത് പിശകാണെന്നും തദ്ദേശസെക്രട്ടറി പറഞ്ഞു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെ ഈ ബൂത്തുകളുടെ എണ്ണം അപര്യാപ്തമാണെന്നും പരിഹരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അദ്ധ്യാപകരെയും

ബോധവത്കരിക്കണം

മാലിന്യം വലിച്ചെറിയുന്നതിനെതിരെ സ്കൂൾ വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ സ്വീകരിച്ച നടപടികൾ സ‌ർക്കാർ വിശദീകരിച്ചു. പ്രവേശനോത്സവത്തിനൊപ്പം തന്നെ ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാലയങ്ങളിൽ വായിച്ചെന്നും കുട്ടികളെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമാക്കുമെന്നും വ്യക്തമാക്കി. കരിക്കുലത്തിലും വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്. അതുമാത്രം പോരെന്നും അദ്ധ്യാപകരെക്കൂടി ബോധവൽക്കരിച്ചാലേ പ്രയോജനമുണ്ടാകൂ എന്നും ബെഞ്ച് പറഞ്ഞു. ഇതിന് നടപടിയെടുക്കുമെന്ന് സ‌ർക്കാ‌ർ അറിയിച്ചു.