student-visa-day

ചെന്നൈ: ഇന്ത്യയിലെ യു.എസ് നയതന്ത്ര മിഷന്റെ ഭാഗമായ കോൺസുലർ ടീം എട്ടാമത്തെ വാർഷിക സ്റ്റുഡന്റ് വിസ ദിനത്തിൽ രാജ്യത്തെ 3,900 വിദ്യാർത്ഥികളുടെ അഭിമുഖം നടത്തി. സ്റ്റുഡന്റ് വിസ ദിനത്തിൽ വിപുലമായ പരിപാടികളിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രാധാന്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. യു.എസ് മിഷൻ ഇന്ത്യ, യു.എസ് ഡിപ്പാർട്ട്മെന്റിലെ ഉപദേശക ശൃംഖലയായ എഡ്യൂക്കേഷൻ പ്രതിനിധികൾ എന്നിവർ വിവിധ പഠന അവസരങ്ങളെ കുറിച്ച് അപേക്ഷകർക്ക് അവബോധം നൽകി.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പടുന്നതിന്റെ സൂചനയാണ് അമേരിക്കൻ കാമ്പസുകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതെന്ന് യു.എസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. യു. എസിലെ ഏറ്റവും വലിയ വിദേശ വിദ്യാർത്ഥികളുടെ ഗ്രൂപ്പായി ഇന്ത്യയിൽ നിന്നുള്ളവർ മാറുകയാണെന്ന് യു.എസ് മിനിസ്റ്റർ കൗൺസിലർ ഫോർ കോൺസുലർ അഫയേഴ്‌സ് റസ്സൽ ബ്രൗൺ പറഞ്ഞു. മൂന്ന് വർഷത്തിനിടെ പഠനത്തിനായി അമേരിക്കയിലെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയാണ്.