കൊച്ചി: നഗരത്തിൽ മാലിന്യനിർമ്മാർജ്ജന കാര്യത്തിൽ പല വീഴ്ചകളുമുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. മഴയും വെള്ളക്കെട്ടുമുണ്ടായാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിനടക്കുന്ന രീതിയാണ്. താൻ താമസിക്കുന്ന പനമ്പള്ളിനഗറിലടക്കം ഇത് പതിവ് കാഴ്ചയാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. കാനകൾ കനാലുകളിലേക്ക് തുറക്കുന്ന ഭാഗം മഴക്കാലമെത്തിയിട്ടും പലയിടത്തും വൃത്തിയാക്കിയിട്ടില്ല. മാലിന്യമടിയാൻ ഇതും ഒരു കാരണമാണ്.

കൊച്ചിയിൽ ശരിയായ ഡ്രെയിൻമാപ്പിംഗും ക്ലീനിംഗ് കലണ്ടറുമില്ലെന്ന് കോർപ്പറേഷൻ സെക്രട്ടറി ചെൽസാസിനി കോടതിയെ അറിയിച്ചു. അതിനാൽ ഓടകളുടെ ആഴവും ഒഴുക്കും കൃത്യമായി നിർ‌ണയിക്കാനാകുന്നില്ല. സ്റ്റേഡിയം ലിങ്ക് റോഡ് കനാൽ രണ്ടുതവണ ശുചിയാക്കിയിട്ടും വീണ്ടും പ്ലാസ്റ്റിക് തള്ളുകയാണെന്നും സെക്രട്ടറി അറിയിച്ചു. ഇവിടെ സി.സി ടിവി ക്യാമറകളിലില്ലേയെന്ന് കോടതി ചോദിച്ചു. നഗരത്തിൽ 300 ക്യാമറകൾ വയ്ക്കാൻ പദ്ധതിയുണ്ടെങ്കിലും കരാറുകാരുമായുള്ള പ്രശ്നങ്ങളാൽ നടന്നിട്ടില്ലെന്ന് സെക്രട്ടറി പറഞ്ഞു. ഇത് കോടതിയുടെ വിമർശനത്തിനിടയാക്കി. പ്ലാസ്റ്റിക് അടി​യുന്ന ചാലുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ അമിക്കസ് ക്യൂറിയോട് നിർദ്ദേശിച്ചു.

ഫാക്ടിന്റെ വളപ്പിലെ ജിപ്സംമല നീക്കി ഹൈവേ വികസനത്തിന് ഉപയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന കോടതി നിർദ്ദേശത്തിൽ ദേശീയപാത അതോറിറ്റി തണുപ്പൻ സമീപനമാണ് സ്വീകരിച്ചതെന്നും ഹൈക്കോടതി വിമശിച്ചു. കുന്നിടിച്ച് മണ്ണുകൊണ്ടുവരുന്നതിലാണോ അതോറിറ്റിക്ക് താത്പര്യമെന്നും ചോദിച്ചു. കോടതി നി‌ർദ്ദേശം അവഗണിച്ചതല്ലെന്നും ജിപ്സം മണ്ണുമായി കലർത്തി ഉപയോഗിക്കുന്നതിന്റെ പഠനറിപ്പോർട്ട് കാത്തിരിക്കുകയാണെന്നും ഹൈവേ അധികൃതർ അറിയിച്ചു.

കടലിൽ തള്ളുന്ന കക്കൂസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫോർട്ടുകൊച്ചി ബീച്ചിലടക്കം അടിയുന്ന പ്രശ്നവും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഇത് തീരത്തിനും ജനങ്ങൾക്കും ഭീഷണിയാണെന്ന് കോടതി വിലയിരുത്തി. ശക്തമായ അടിയൊഴുക്കിലാണ് മാലിന്യങ്ങൾ അടിയുന്നത്. നഗരസഭയും തുറമുഖ ട്രസ്റ്റി​ലെ വിദഗ്ദ്ധരുമായി ചേർന്ന് അടിയന്തര പരിഹാരം ആലോചിക്കണെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.