ചോറ്റാനിക്കര : കുടുംബശ്രീ അംഗങ്ങളിൽ നിന്ന് ഓഹരി പിരിച്ച് രണ്ടു വർഷം മുമ്പ് തുടങ്ങാൻ നിശ്ചയിച്ച സൂപ്പർ മാർക്കറ്റിന്റെ പേരിൽ ചോറ്റാനിക്കര പഞ്ചായത്തിൽ തീരാ തർക്കം. പഞ്ചായത്തിലും ഭരണ കക്ഷിയായ സി.പി.എമ്മിലും കുടുംബശ്രീയിലും തർക്കം മുറുകുകയാണ്. പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനിലും അഭിപ്രായ വ്യത്യാസം.

കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിലുറപ്പാക്കാൻ വേണ്ടിയെന്ന പേരിലാണ് വനിതാ മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്റ്റർ ചെയ്ത് പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്ത് കാര്യാലയത്തിലെ ഷോപ്പിംഗ് കോംപ്ലക്സിലെ 9 കടമുറികളിൽ മാർക്കറ്റ് നിശ്ചയിച്ചു. തൊഴിലും ലാഭവിഹിതവും വാഗ്ദാനം ചെയ്തു. മാർക്കറ്റിനായി വാടക ലഭിച്ചിരുന്ന 9 കടമുറികൾ അഡ്വാൻസ് തിരികെ നൽകി ഒഴിപ്പിച്ചതുമൂലം പഞ്ചായത്തിന് രണ്ട് വർഷമായി വാടകയും നഷ്ടമായി.

സൊസൈറ്റിയിലെ അംഗത്വത്തിന് 100 രൂപയും ഒരു ഓഹരിക്ക് 500 രൂപ വീതമാണ് പിരിച്ചത്. 5000 രൂപ മുതൽ 50,000 രൂപ വരെയുള്ള ഓഹരി എടുത്തവരുണ്ട്. 20 ലക്ഷം രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടെങ്കിലും മൂന്നര ലക്ഷത്തോളം രൂപ പിരിച്ചു. തുക പഞ്ചായത്ത് അംഗം ലതാ ഭാസിയുടെയും സി.ഡി.എസ് ഭാരവാഹികളുടെയും ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നാൽ പണപ്പിരിവ് ജില്ലാ മിഷൻ അംഗീകരിച്ചില്ല.

കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പണം പിരിച്ച് പഞ്ചായത്ത് അംഗത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിലും പ്രതിഷേധമായി.

 പണം തിരികെ
ആവശ്യപ്പെട്ട് അംഗങ്ങൾ

സൂപ്പർമാർക്കറ്റ് ആരംഭിക്കാതെ വന്നതോടെ അംഗങ്ങൾ പലിശ സഹിതം പണം തിരികെ ആവശ്യപ്പെട്ട് രംഗത്ത് വന്നു. പാർട്ടി ഓഫീസിലും പരാതിയെത്തി. സി.ഡി.എസ്. ചെയർപേഴ്സന് അപേക്ഷ നൽകിയവരുമുണ്ട്. ഇടതു വാർഡ് അംഗത്തിന്റെ മറ്റൊരു ബിസിനസിലെ പങ്കാളികളുടെ പണം ഉപയോഗിച്ച് മാർക്കറ്റ് ആരംഭിക്കാനുള്ള നീക്കവും പാളിപ്പോയി.

പാർട്ടി കമ്മീഷൻ വീണ്ടും

തുടങ്ങാത്ത സൂപ്പർ മാർക്കറ്റിനെക്കുറിച്ചുള്ള പരാതികളെ തുടർന്ന് സി.പി.എം. ചോറ്റാനിക്കര ലോക്കൽ കമ്മിറ്റി കുര്യാക്കോസ്, ഹരികൃഷ്ണൻ, ഏലിയാസ് ജോൺ, വൈശാഖ്, കെ. ജി. രവീന്ദ്രൻ എന്നിവർ അടങ്ങുന്ന അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു. കമ്മിഷൻ റിപ്പോർട്ട് മുളന്തുരുത്തി ഏരിയാ കമ്മിറ്റി നിരാകരിച്ചതായാണ് വിവരം. ഏരിയാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലുള്ള പുതിയ കമ്മിഷനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സഹകരണ സംഘം തുടങ്ങാനുള്ള രജിസ്ട്രേഷൻ നടപടികൾ നീണ്ടുപോയതാണ് പദ്ധതി ആരംഭിക്കാൻ താമസിച്ചത്. രണ്ടാഴ്ചക്കുള്ളിൽ പ്രവർത്തനോദ്ഘാടനം നടത്തും.

എം.ആർ. രാജേഷ്

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

കുടുംബശ്രീ അംഗങ്ങളെ സഹായിക്കാൻ എന്ന വ്യാജേന പഞ്ചായത്തിന്റെ കെട്ടിടങ്ങൾ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളെ സഹായിക്കാന്ന നീക്കമാണിത്. പരാതി നൽകിയിട്ടുള്ള അംഗങ്ങളുടെ പണം തിരികെ നൽകണം

ഷിൽജി രവി

വാർഡ് അംഗം