1

ഫോർട്ട്കൊച്ചി: കടൽ ഇറങ്ങിയതോടെ ഫോർട്ടുകൊച്ചി തീരത്ത് ദൃശ്യമായ പോർച്ചുഗീസ് നിർമ്മിത ഇമാനുവൽ കോട്ടയുടെ ശേഷിപ്പുകൾ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന് ആവശ്യം. കോട്ട അടിത്തറയുടെ ചെങ്കല്ലിൽ തീർത്ത ഭാഗങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. ഓരോ വർഷവും ഇത്തരത്തിൽ തെളിഞ്ഞു വരാറുണ്ടെങ്കിലും സംരക്ഷിക്കാൻ നടപടിയുണ്ടാകാറില്ല.

 ചരിത്ര സ്മാരകം

1503 ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ പോർച്ചുഗീസുകാർ തങ്ങളുടെ രാജാവായിരുന്ന ഇമ്മാനുവലിന്റെ നാമധേയത്തിൽ നിർമ്മിച്ചതാണ് കോട്ട. എന്നാൽ 1663 ൽ ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതോടെ കോട്ട തകർത്തു. അവശേഷിക്കുന്ന ഭാഗം 1725 ൽ ബ്രിട്ടീഷുകാർ അധികാരമേറ്റതോടെ പൂർണമായും തകർത്തു. എന്നാൽ നിലവിൽ മണ്ണിനടിയിലായിരുന്ന കോട്ടയുടെ ഫൗണ്ടേഷൻ ഭാഗമാണ് തെളിഞ്ഞു വന്നിരിക്കുന്നത്.

അധികൃതർ പൈതൃകത്തെ കുറിച്ച് വാചാലമാകുമ്പോഴും തെളിഞ്ഞു വരുന്ന പൈതൃകങ്ങൾ പോലും സംരക്ഷിക്കാൻ തയ്യാറാകുന്നില്ല. ശേഷിപ്പുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജി ഒഫ് ഇന്ത്യയെ സമീപിക്കും.

എം.എം സലിം

ചരിത്രകാരൻ

കോട്ടയുടെ അവശേഷിക്കുന്ന ഭാഗം അധികാരികൾ ചരിത്രസ്മാരകമായി സൂക്ഷിക്കാൻ നടപടികൾ സ്വീകരിക്കണം.

വി.ഡി. മജീന്ദ്രൻ

സാമൂഹ്യ പ്രവർത്തകൻ