കുറുപ്പംപടി: രായമംഗലം പഞ്ചായത്തിലെ ചെങ്ങൻ ചിറയിൽ നാഷണൽ ബ്യൂറോ ഒഫ് ജെനറ്റിക് റിസോഴ്സ് സെന്ററിന്റെ ഭാഗമായി പെനിൻസുലാർ അക്വാട്ടിക് ജെനറ്റിക് റിസോഴ്സ് സെന്ററിന്റെ സഹകരണത്തോടെ മത്സ്യ ഹാച്ചറിയും മത്സ്യ കർഷകർക്കുള്ള ട്രെയിനിംഗ് സെന്ററും ആരംഭിക്കുന്നു.
ഇതു സംബന്ധിച്ച് പഞ്ചായത്തും നാഷണൽ ബ്യൂറോ ഓഫ് ജെനറ്റിക് റിസോഴ്സും പദ്ധതി സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. പദ്ധതിക്കായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചെങ്ങൻ ചിറയും അനുബന്ധ സ്ഥലവും വിട്ടു നൽകുകയും കേന്ദ്ര ഏജൻസിയായ പെനിൻസുലാർ അക്വാട്ടിക് റിസോഴ്സ് സെന്റർ ഹാച്ചറിയും ട്രെയിനിംഗ് സെന്ററും ആരംഭിക്കുകയും ചെയ്യും.. ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, സെക്രട്ടറി ബി. സുധീർ, സീനിയർ ക്ലർക്ക് രതീഷ് രവീന്ദ്രൻ, നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജെനറ്റിക് റിസോഴ്സ് ഡയറക്ടർ ഡോ. യു.കെ. സർക്കാർ, ഡോ.ടി.ടി. അജിത് കുമാർ, ഡോ.വി.എസ്. ബഷീർ, ഡോ. ദിവ്യ. പി.ആർ, ഡോ. കതിർ വേൽ പാണ്ട്യൻ, ഡോ. ചരൺ രവി, ഡോ. അരുൺ സുധാകർ, എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ 16ാം വാർഡിലുള്ള ചെങ്ങൻ ചിറയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ജൂലൈ മാസത്തിൽ ആദ്യഘട്ടമായി ഹാച്ചറിയും ട്രെയിനിംഗ് സെന്ററും പ്രവർത്തനം ആരംഭിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. മത്സ്യ കൃഷിക്ക് വളരെയധികം സാദ്ധ്യതകളുള്ള രായമംഗലം ഗ്രാമപഞ്ചായത്തിലെ എല്ലാ മത്സ്യ കർഷകർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും പദ്ധതി വിപുലീകരിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വിധത്തിൽ പദ്ധതി വിപുലീകരിച്ച് തദ്ദേശീയ മത്സ്യ കൃഷിയും അലങ്കാര മത്സ്യ കൃഷിയും വ്യാപിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു