പെരുമ്പാവൂർ : പെരുമ്പാവൂർ ജനത കാത്തിരുന്ന ബൈപ്പാസ് നിർമ്മാണം തുടങ്ങുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.പാലാരിവട്ടം ആർ ബി ഡി സി കെ യുടെ ഓഫീസിൽ നടന്ന കിക്ക് ഒഫ് മീറ്റിംഗിനെ തുടർന്ന് ബൈപ്പാസിന്റെ നിർമ്മാണം സംബന്ധിച്ച പ്രോഗ്രാം ഷെഡ്യൂൾ വിലയിരുത്തിയ ശേഷമാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.
സൈറ്റ് ക്ലിയർ ചെയ്ത് സൈറ്റ് ഓഫീസും സൈറ്റ് ലബോറട്ടറിയും ഈ ദിവസങ്ങളിൽ സ്ഥാപിക്കും. പ്രവർത്തി സൂചക ബോർഡും സ്ഥാപിക്കും .യൂട്ടിലിറ്റി ഷിഫ്റ്റിംഗിന്റെ ഭാഗമായി റോഡ് കടന്നുപോകുന്ന പാതയിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ, വാട്ടർ പൈപ്പ് മാറ്റിയിടുന്ന ജോലികളും ഇതോടൊപ്പം ആരംഭിക്കും .18 മാസമാണ് നിർമ്മാണ കാലാവധി എങ്കിലും ഒരു വർഷത്തിനകം ബൈപാസ് നിർമ്മാണം പൂർത്തീകരിക്കുമെന്ന് കരാർ ഏറ്റെടുത്ത രാജേഷ് മാത്യു ഉറപ്പുനൽകി. റൈറ്റ്സിന്റെ എൻജിനിയർമാർക്കാണ് മേൽനോട്ട ചുമതല.
18 ചൊവ്വാഴ്ച വർക്ക് തുടങ്ങുമെന്നും സൈറ്റ് ക്ലിയർ ചെയ്തു ലെവൽസ് എടുക്കുന്ന പ്രവർത്തികളും എർത്ത് ഫില്ലിംഗ് മുതലായ പ്രവർത്തികളും ഉടൻ ആരംഭിക്കുമെന്നും കരാർ കമ്പനി അറിയിച്ചു .ഔദ്യോഗികമായ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രിയുടെ സമയമനുസരിച്ച് ഈ മാസം തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൽദോസ് കുന്നിപ്പിള്ളി എം.എൽ.എ അറിയിച്ചു .മരുതു കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വരെയുള്ള ഭാഗത്തിന്റെ നിർമ്മാണമാണ് ഈ ഘട്ടത്തിൽ നടക്കുന്നത് .300 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി പെരുമ്പാവൂരിൽ തുടക്കം കുറിക്കാൻ കഴിയുന്നത് വളരെ സന്തോഷകരമാണെന്ന് എം.എൽ.എ പറഞ്ഞു ..