ആലുവ: രക്തദാന ദിന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിൽ എത്തിയലോ! മിമിക്രി താരവും ഡബിംഗ് ആർട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനാണ് അനുകരണ മികവുകൊണ്ട് അത് സാദ്ധ്യമാക്കിയത്.
ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന രക്തദാന ദിനാചരണത്തിന്റെ ഉദ്ഘാടനത്തിനിടെ ആയിരുന്നു മഹേഷ് കാഴ്ചക്കാരുടെ മനം കവർന്നത്. വിനീത് ശ്രീനിവാസൻ, വിനായകൻ, ഷൈൻ ടോം ചക്കോ തുടങ്ങി നിരവധി താരങ്ങളുടെ ശബ്ദത്തിലൂടെ രക്തദാനത്തിന്റെ പ്രാധാന്യം മഹേഷ് ഓർമ്മപ്പെടുത്തിയത് സദസ് കരഘോഷത്തോടെ ഏറ്റെടുത്തു.
രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ജിജി കുരുട്ടുകുളം, മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി പി. ഓരത്തേൽ, ഡോ. രജേഷ് ആർ ചന്ദ്രൻ, നഴ്‌സിഗ് ഡയറക്ടർ ഡോ. ഏലിസബത്ത് ഡേവിഡ് എന്നിവർ സംസാരിച്ചു.