 
# പ്രീപെയ്ഡ് കൗണ്ടർ നോക്കുകുത്തി, പ്രവർത്തനം പകൽ മാത്രം
ആലുവ: വൈകുന്നേരമായാൽ പ്രവർത്തനമില്ലാതെ ആലുവ റെയിൽവേ സ്റ്റേഷൻ സ്ക്വയറിൽ പൊലീസ് ആഘോഷപൂർവ്വം തുറന്ന പ്രീപെയ്ഡ് കൗണ്ടർ. പകൽ സമയങ്ങളിൽ മാത്രമാണ് കൗണ്ടറിന്റെ പ്രവർത്തനം. വൈകുന്നേരമായാൽ ഓട്ടോ ഡ്രൈവർമാരുടെ ഇഷ്ടം പോലെയാണ് വാടകയും ഓട്ടവും.
ഓട്ടോറിക്ഷകൾ ഹ്രസ്വദൂരയാത്രക്കാരെ അവഗണിക്കുന്നതായാണ് പരാതി. ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർ സമീപ സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കിൽ ഓട്ടോകൾ ഓട്ടം വിളിച്ചാൽ വരില്ല. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ കുടുംബവുമായി വന്ന യൂത്ത് കോൺഗ്രസ് നേതാവായ ജോണി ക്രിസ്റ്റഫർ വിളിച്ചിട്ട് മൂന്ന് കിലോമീറ്റർ അകലെയുള്ള കൊച്ചിൻ ബാങ്ക് സ്റ്റോപ്പിലേക്ക് ഓട്ടം പോകാൻ ആരും തയ്യാറായില്ല. ഒരു മണിക്കൂറോളം കാത്ത് നിന്ന ശേഷമാണ് ഓട്ടോ ലഭിച്ചതത്രെ.
നേരത്തെ മുതൽ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് പ്രീപെയ്ഡ് ബൂത്ത് സ്ഥാപിച്ചത്. കഴിഞ്ഞ വർഷം ബൂത്ത് പുനരാരംഭിച്ചെങ്കിലും പകൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സേവനത്തിന് രണ്ട് രൂപ യാത്രക്കാരിൽ നിന്ന് വാങ്ങുന്നുണ്ട്. ചെറിയ ഓട്ടം വിളിക്കുന്നവരെ ഡ്രൈവർമാർ ചേർന്ന് നിന്ന് പരിഹസിക്കുന്നതായും ആരോപണമുണ്ട്. യൂണിയന്റെ പിൻബലം ഉള്ളതിനാൽ ചോദ്യം ചെയ്യുന്നവരെ അപമാനിക്കുന്നതായും പരാതി.
അന്യസംസ്ഥാന തൊഴിലാളികളെ യാത്രക്കാരായി ലഭിക്കാനാണ് ഡ്രൈവർമാർക്ക് താത്പര്യം. പെരുമ്പാവൂർ മേഖലയിലേക്ക് കൊണ്ടു പോകുന്നത് അഞ്ചും ആറും പേരെ കുത്തിനിറച്ചാണ്. 500 മുതൽ 1000 രൂപ വരെ ഒരാളിൽ നിന്നും വാങ്ങുന്നുവെന്നും പറയുന്നു.
ഗതാഗതമന്ത്രിക്ക് പരാതി നൽകി
ഓട്ടോറിക്ഷയിൽ കയറിയ തന്നെയും കുടുംബത്തേയും ഇറക്കിവിട്ടതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോണി ക്രിസ്റ്റഫർ ഗതാഗത മന്ത്രിക്ക് പരാതി നൽകി. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചതായും പറയുന്നു. ഭാര്യയും കുട്ടിയും അനിയത്തിയും ആറുമാസം പ്രായമുള്ള കുട്ടിയും ചേർന്നാണ് ഓട്ടോ വിളിച്ചത്. ജില്ലാ പൊലീസ് മേധാവിക്കും ഇത് സംബന്ധിച്ച് പരാതി നൽകും.