obiturary
തങ്കമ്മ (74)

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. റാക്കാട് ഗണപതിക്കടവിൽനിന്ന് വ്യാഴാഴ്ച കാണാതായ നെല്ലിമറ്റം അന്ത്യാട്ട് തങ്കമ്മയുടെ (74) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. തങ്കമ്മയെ കാണാതായ കടവിന് സമീപം നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിലും ഫയർഫോഴ്‌സിലും അറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ ഫയർഫോഴ്‌സെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.

മേക്കടമ്പിലുള്ള മകൾ സിനിയുടെ വീട്ടിൽ എത്തിയതായിരുന്നു തങ്കമ്മ. കടവിൽ മീൻ പിടിക്കാനെത്തിയവരാണ് തങ്കമ്മ മുങ്ങിത്താഴുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്സിൽ അറിയിക്കുകയും, മൂവാറ്റുപുഴ, കോതമംഗലം ഫയർഫോഴ്സും സ്‌കൂബടീമും മണിക്കൂറുകളോളം തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ശക്തമായ അടിയൊഴുക്കിനെത്തുടർന്ന് തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.