corp
തട്ടാഴം ഡിവിഷനിൽ നടപ്പിലാക്കിയ സുസ്ഥിര ചുറ്റുവട്ടം പദ്ധതി രണ്ടാംഘട്ടം മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: നഗരം അനുഭവിച്ചുവരുന്ന കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനായി കൊച്ചി നഗരസഭ വിഭാവനംചെയ്ത സുസ്ഥിര ചുറ്റുവട്ടം പദ്ധതിയുടെ രണ്ടാംഘട്ടം തട്ടാഴം ഡിവിഷനിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സിഎസ്.ആർ സാമ്പത്തിക സഹായത്തോടെ 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തീകരിച്ചത്.

പദ്ധതിയുടെ ഭാഗമായി 30 കിലോവാട്ട് ശേഷിയുള്ള സോളാർ റൂഫ്‌ടോപ്പ് പാനലുകൾ, ഇതിൽനിന്ന് ഉത്പാദിപ്പിക്കുന്ന സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്ളഡ് ലൈറ്റുകൾ, പ്രതിദിനം 750 കിലോഗ്രാം ഖരമാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റ് എന്നിവയാണ് സ്ഥാപിച്ചരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം എളമക്കര നോർത്ത്, പുതുക്കലവട്ടം എന്നീ ഡിവിഷനുകളിൽ കഴിഞ്ഞവർഷം പൂർത്തീകരിച്ചിരുന്നു.

'ഡോൺ ബോസ്‌കോയിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റിൽ ഡോൺ ബോസ്‌കോയിലെ സീവേജ് മാലിന്യം സംസ്‌കരിക്കും. ഒപ്പം തട്ടാഴം ഡിവിഷനിലെ വീടുകളിൽ നിന്നുള്ള ഖരമാലിന്യവും വാതകമാക്കി മാറ്റും. സോളാർപാനൽ ഉപയോഗിച്ചുകൊണ്ടുള്ള സ്ട്രീറ്റ് ലൈറ്റ് അവിടത്തെ ഗ്രൗണ്ടുകളെ പ്രകാശപൂരിതമാക്കും. ഫാ. ഷിബു ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.

ഫെഡറൽ ബാങ്ക് എറണാകുളം റീജിയണൽ ഓഫീസ് വൈസ് പ്രസിഡന്റ് ആൻഡ് റീജിയണൽ ഹെഡ് ടി.എസ്. മോഹനദാസ്, കൗൺസിലർ വി.വി. പ്രവീൺ, സെന്റർ ഫോർ ഹെറിറ്റേജ് എൻവിയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എൻവയോൺമെന്റ് എൻജിനീയർ ചിന്നു മേരി, സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത്, ഷീബാലാൽ തുടങ്ങിയവർ സംസാരിച്ചു.